വർണ്ണാഭമായി കല കുവൈറ്റ് പ്രയാണം – 2019

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്കാരിക മേളയായ പ്രയാണം -2019 ന് വർണ്ണാഭമായ സമാപനം. ഖാൽദിയ യൂണിവേഴ്സിറ്റി തീയേറ്ററിൽ ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച മേളയുടെ സദസ്സ് ആദ്യാവസാനം ആളുകളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. കല കുവൈറ്റിന്റെ ലോഗോ അവതരണത്തെ തുടർന്ന്  നാല് മേഖലകളിലേയും അംഗങ്ങൾ അണിയിച്ചൊരുക്കിയ കലാപരിപാടികളോടെ ആരംഭിച്ച മേളയുടെ സാംസ്കാരിക സമ്മേളനം കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷണൻ ഉദ്ഘാടനം ചെയ്തു. മാറ്റമില്ലാതെ നിലനിൽക്കുന്ന ഒന്നല്ല സംസ്കാരമെന്നും, കൊടുക്കൽ വാങ്ങലുകൾ കൊണ്ട് സംമ്പുഷ്ടമാകുന്നതും നിരന്തരം പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ് അതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് മഹത്തായ ഇന്ത്യൻ സംസ്കാരം നിലനിന്നു പോന്നിട്ടുള്ളതെന്നും എന്നാൽ ലിഖിതമായ ഒന്ന് നിലവിലുണ്ടെന്നും അതിൽ പിടിച്ചുകെട്ടിയിടാനുള്ള ശ്രമമാണ് ഇന്ന് ഭാരതത്തിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല കുവൈറ്റ് കഴിഞ്ഞ 28 വർഷമായി നടത്തി വരുന്ന പ്രധാന സാമൂഹിക പരിപാടിയായ വേനലവധിക്കാലത്തെ സൗജന്യ മാതൃഭാഷ പഠനത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട സ്പീക്കർ നിർവ്വഹിച്ചു. ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, രാജ് ഗോപാൽ സിംഗ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. പരിപാടിയിൽ മുഖ്യ അതിഥിയായി പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം രമ്യ നമ്പീശൻ പങ്കെടുത്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ പ്രസിഡന്റ് ടിവി ഹിക്മത്ത് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ പ്രധാന സ്പോൺസർ ആയ ബിഇസി എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യൂസ് വർഗീസ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാർ, വനിതാവേദി കുവൈറ്റ് ജനറൽ സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോഡിനേറ്റർ ജെ സജി, മാതൃഭാഷ സമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ, ബാലവേദി കുവൈറ്റ് വൈസ് പ്രസിഡന്റ് സെൻസ അനിൽ, പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം വൈസ് പ്രസിഡന്റ് രാജഗോപാൽ, കല കുവൈറ്റ് ട്രഷറർ കെവി നിസാർ, വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി രജീഷ് സി നായർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രയാണം – 2019 ജനറൽ കൺവീനർ സാം പൈനുംമൂട് സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.
കല കുവൈറ്റ് സംഘടിപ്പിച്ച എൻറ കൃഷി മത്സര വിജയികൾക്കും, ബാലകലാമേളയിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയ സ്കൂളുകൾക്കും കല) തിലകം, കലാപ്രതിഭ പട്ടങ്ങൾ കരസ്ഥമാക്കിയവർക്കുമുള്ള സ്വർണ്ണ മെഡലുകൾ വേദിയിൽ വെച്ച് കൈമാറി. കൂടാതെ ഈ വർഷത്തെ സുവനീറിന്റെ കവർ രചന മത്സരത്തിൽ വിജയിയായ ശ്രീകുമാർ വല്ലനക്കുള്ള സമ്മാനവും വേദിയിൽ കൈമാറി. ദീർഘകാലമായി കലയോടൊപ്പം സഞ്ചരിക്കുന്ന പത്മനാഭൻ, ബാലചന്ദ്രൻ എന്നിവർക്കുള്ള കലയുടെ സ്നേഹോപഹാരവും വേദിയിൽ വെച്ച് കൈമാറുകയുണ്ടായി.  കൂടാതെ പ്രയാണം – 2019 ന്റെ പ്രമുഖ പ്രായോജകർക്കുള്ള സ്നേഹോപഹാരങ്ങളും ചടങ്ങിൽ കൈമാറി.
തുടർന്ന് നാട്ടിൽ നിന്നെത്തിയ പ്രശസ്റ്റ ചലച്ചിത്ര പിന്നണി ഗായകരായ പുഷ്പാവതി, അൻവർ സാദത്ത് കൂടാതെ രമ്യ നമ്പീശൻ, കീബോർഡിസ്റ്റ് അനൂപ് കോവളം എന്നിവർ നയിച്ച ഗാനമേള ആസ്വാദകർക്ക് ആവേശമായി. രമ്യ നമ്പീശന്റെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്ത പരിപാടി മേളക്ക് കൂടുതൽ മിഴിവേകി.
നേരത്തെ ബാലകലാമേളയിൽ ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സമ്മാനാർഹരായ കുട്ടികൾ അവതരിപ്പിച്ച നൃത്തത്തോടും കലയുടെ നാല് മേഖലകളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളോടെയുമാണ് മേള ആരംഭിച്ചത്. കുവൈറ്റ് സാൽമിയ മേഖല സംഘടിപ്പിച്ച ഒപ്പനയും സംഗീതശിൽപവും, അബു ഹലീഫ മേഖലയുടെ മോജോ മ്യൂസിക്കും, ഫഹാഹീൽ മേഖല അവതരിപ്പിച്ച ‘മാനവീയം’, അബ്ബാസിയ മേഖലയുടെ ‘കേളി’ എന്നിവ മെഗാ സാംസ്കാരിക മേളയുടെ മാറ്റ് കൂട്ടി.