പത്തനംതിട്ട: കൂടൽ മുറിഞ്ഞക്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കോന്നി മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു ജോർജ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മലേഷ്യയിൽ ഹണിമൂൺ കഴിഞ്ഞ് വിമാനത്താവളത്തിലെത്തിയതായിരുന്നു ബിജുവിൻ്റെ മകൾ അനുവും ഈപ്പൻ്റെ മകൻ നിഖിലും. നിഖിൽ കാനഡയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. നവംബർ 30നാണ് ഇരുവരും വിവാഹിതരായത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പുലർച്ചെ 4.05 ഓടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് ആന്ധ്രയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചതെന്നാണ് പൊലീസ് നിഗമനം. കൂട്ടിയിടിയിൽ ഡ്രൈവർ ഉൾപ്പെടെ ബസിലെ ഏതാനും യാത്രക്കാർക്ക് നിസാര പരിക്കേറ്റു.