കുവൈത്ത് സിറ്റി : കുവൈത്ത് അമീറിന്റെ പിന്തുടർച്ചാവകാശിയായി ഇന്ന് സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റ ഷൈഖ് മിഷ് ‘ അൽ അഹമദ് അൽ ജാബിർ അൽ സബാഹ് അധികാര സ്ഥാനങ്ങളോട് എന്നും വിരക്തി പ്രകടിപ്പിച്ച നേതാവാണു. നിർണ്ണായകമായ പല സന്ദർഭങ്ങളിലും ഭരണ പരമായ ഉയർന്ന പദവികൾ തേടിയെത്തിയെങ്കിലും എല്ലാം നിരസിക്കുന്ന ശീലമായിരുന്നു അദ്ദേഹത്തിനു.ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ ഉയർന്ന തസ്തികകളിൽ ഒന്നായ നാഷനൽ ഗാർഡിന്റെ ഉപ മേധാവിയായി നിയമിക്കപ്പെട്ടത് മുതൽ സേനയെ കരുത്തുറ്റതും പരിഷ്കൃതവുമാക്കുവനാണു അദ്ദേഹം സമയം ചെലവഴിച്ചത്.1978 മുതൽ 2006 വരെ സഹോദരനായ ഷൈഖ് ജാബിർ അൽ അഹമദ് അൽ സബാഹും 2006 മുതൽ 2020 സെപ്റ്റംബർ 29 വരെ മറ്റൊരു സഹോദരനായഷൈഖ് സബാഹ് അൽ അഹമ്മദും രാജ്യത്തിന്റെ അമീർ ആയിരുന്നിട്ടും ഈ കാലത്ത് രൂപീകരിക്കപ്പെട്ട ഒരൊറ്റ മന്ത്രി സഭയിൽ പോലും പ്രവേശിക്കാതെ അധികാര സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം മാറി നിന്നു.എന്നാൽ ഇരുവർക്കും ഉറച്ച പിന്തുണയുമായി അദ്ദേഹം എന്നും കൂടെ നിൽക്കുകയും ചെയ്തു. അന്തരിച്ച അമീർ ഷൈഖ് സബാഹിന്റെ ചികിൽസയുമായി ബന്ധപ്പെട്ട മുഴുവൻ യാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചതും ഷൈഖ് മിഷ് ‘ അൽ തന്നെയായിരുന്നു. ഇത്തരത്തിൽ 2017 ൽ ഷൈഖ് സബാഹ് ചികിൽസാർത്ഥം ഇന്ത്യ സന്ദർശ്ശിപ്പോഴും കൂടെ ഉണ്ടായിരുന്നത് ഇദ്ദേഹമായിരുന്നു. ഷൈഖ് സബാഹ് അമേരിക്കയിൽ മരണമടയുമ്പോൾ അരികെയുണ്ടാകുന്നതിനും മൃത ദേഹത്തെ കുവൈത്തിൽ എത്തുന്നത് വരെ അനുഗമിക്കുന്നതിനും ഭാഗ്യം ലഭിച്ചതും ഷൈഖ് മിഷ്’ അലിനു തന്നെയായിരുന്നു.മിത ഭാഷിയും സൗമ്യനുമായ ഇദ്ദേഹം ഭരണ കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങൾക്കും പ്രിയങ്കരൻ കൂടിയാണു.ഭരണ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായിട്ടും, യാതൊരു വിധ അഴിമതി ആരോപണത്തിലോ ഏതെങ്കിലും വിവാദത്തിലോ ഇത് വരെ അകപ്പെടാത്ത കറ കളഞ്ഞ വ്യക്തിത്വത്തിനു ഉടമയാണ് ഷൈഖ് മിഷ് ‘അൽ.
കുവൈത്തിന്റെ പത്താമത്തെ അമീർ ആയിരുന്ന ഷൈഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും മറിയം മാരിയത്ത് അൽ ഹുവയിലയുടെയും മകനായി 1940 ൽ ആണു ജനനം. മുബാറക്കിയ സ്‌കൂളിലെ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1960-ല് ലണ്ടനിലെ ഹെന്ഡണ് പൊലീസ് കോളേജില് നിന്ന് ബിരുദം നേടി. പിന്നീട് ഷെയ്ഖ് മിഷ് ‘അൽ ആഭ്യന്തര മന്ത്രാലയത്തിൽ കേണൽ റാങ്ക് മുതൽ അന്വേഷണ വിഭാഗം മേധാവി വരെയുള്ള പല ചുമതലകളും വഹിച്ചു. 2004 ൽ ആണ് നാഷണൽ ഗാർഡിന്റെ ഉപ മേധാവിയായി നിയമിതനാകുന്നത്. ആഭ്യന്തര,പ്രതിരോധ സുരക്ഷാ രംഗത്ത് അസാമാന്യമായ പ്രകടനം കാഴ്ച വെച്ച അദ്ദേഹം കുവൈത്തിന്റെയും മറ്റ് അറബ് രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതില് സുതുത്യര്ഹമായ സേവനമാണ് അനുഷ്ഠിച്ചത്. കുവൈത്തിന്റെ പതിനൊന്നാമത്തെ അമീർ ആയിരുന്ന ഷെയ്ഖ് സബാഹ് അൽ സാലേം അൽ സബാഹിന്റെ മകളായ നൂരിയ സാബാഹ് സാലേം, മുനീറ ബദ്ദാഹ് എന്നീ ഭാര്യമാരിലായി 12 മക്കളുടെ പിതാവാണ് ഷെയ്ഖ് മിഷ് ‘അൽ.