ഷാർജ കെ എം സി സി മണലൂർ മണ്ഡലം കമ്മിറ്റി നിവേദനം കൈമാറി

0
42

ഷാർജ : ജനവാസ മേഖലയിലെ പുഴയെ വനമാക്കി മാറ്റിയതിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള നിവേദനം മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡണ്ടിന് ഷാർജ കെഎംസിസി മണലൂർ മണ്ഡലം കമ്മിറ്റി കൈമാറി. തൃശ്ശൂർ ജില്ലയിലെ മണലൂർ നിയോജകമണ്ഡലത്തിലെ പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ് എന്നീ പഞ്ചായത്തുകളെ ബന്ധപ്പെട്ടു കിടക്കുന്ന പെരിങ്ങാട് പുഴ, ജില്ലയിലെ തന്നെ 70% ത്തോളം വെള്ളവും ഈ പുഴ വഴിയാണ് കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ആ ഒഴുക്കിനെ നശിപ്പിക്കും വിധം ആ പുഴയെ ഉന്മൂലനം ചെയ്യും വിധം ഭരണകൂടത്തിന്റെ തലതിരിഞ്ഞ നയം മൂലം റിസർവ് ഫോറസ്റ്റ് എന്ന മണ്ടൻ ആശയങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടു കൊണ്ട് മരണ മണിമുഴക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഷാർജ കെഎംസിസി തൃശ്ശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനത്ത് അഭിപ്രായപ്പെട്ടു.

വാഴാനി ഡാം, കേച്ചേരി പുഴ, ഇടിയഞ്ചിറ പുഴ, ചേറ്റുവ പുഴ, പെരിങ്ങാട് പുഴ ഇവയെല്ലാം ചേർന്ന് കടലിലേക്ക് ഒഴുകുന്ന പ്രത്യേക ഭാഗമാണ് റിസർവ് ഫോറസ്റ്റിനായി ഉപയോഗിക്കുന്നത്. പുഴയെ വനമാക്കി മാറ്റുന്ന വിപത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് ഞങ്ങൾ ഈ നിവേദനം മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദിന് കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്തുകാരുടെ ഏറ്റവും വലിയ ആശങ്ക ജനിച്ചുവളർന്ന മണ്ണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. ഫോറസ്റ്റിന്റെ കരി നിയമങ്ങൾ ഈ പുഴയോരങ്ങളിൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. എന്ത് വിലകൊടുത്തും ഞങ്ങൾ നാട്ടുകാർക്ക് വേണ്ടി ജില്ലയിലെ ഉന്നതമായ രാഷ്ട്രീയ പ്രതിനിധി എന്ന നിലയിൽ ഇതിനെ നേരിടാനും സർക്കാരുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടുകൊണ്ട് പുഴയെ പുഴയായി തന്നെ സംരക്ഷിക്കുവാനും പ്രകൃതി സംരക്ഷണം എന്നാൽ മരം വെച്ച് പിടിപ്പിക്കൽ മാത്രമല്ല, പുഴയെ സംരക്ഷിക്കുകയും കൂടിയാണെന്ന ഓർമ്മപ്പെടുത്തൽ നൽകിക്കൊണ്ട് ഇടപെടൽ വേണമെന്ന് ഷാർജ കെഎംസിസി മണലൂർ മണ്ഡലം പ്രസിഡണ്ട് നിസാം വാടാനപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല സെക്രട്ടറി ഷാഹുൽ ഹമീദ്, അഡ്വൈസറി ബോർഡ് അംഗം സുലൈമാൻ ഹാജി, ഷാർജ കെഎംസിസി മണ്ഡലം ട്രഷറർ ഇർഷാദ് പാടൂർ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.