കുവൈറ്റ് സിറ്റി : കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് 2025-ലെ ഷിഫ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. അബ്ബാസിയ ആസ്പയർ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം കുവൈത്ത് കൺട്രി ഹെഡ് (ബിസിനസ് സൊലൂഷൻ) സി.കെ. നജീബ് മീഡിയ റിലേഷൻ ഇംപാക്ട് അവാർഡും കണക്ഷൻസ് മീഡിയ ഏഷ്യാനെറ്റ് കുവൈത്ത് സി.ഇ.ഒ നിക്സൺ ജോർജ് ഔട്ട്സ്റ്റാൻഡിങ് മീഡിയ ലീഡർഷിപ് അവാർഡും ഏറ്റുവാങ്ങി. അഞ്ചുലക്ഷം ഇന്ത്യൻ രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.മാധ്യമങ്ങളും പൊതുസമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിലെ ശ്രദ്ധേയ പ്രവർത്തനങ്ങളുടെ പേരിലാണ് ഇരുവരെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
സി.കെ.നജീബിന് ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് വൈസ് ചെയർമാൻ മുൻതസർ മജീദും നിക്സൺ ജോർജിന് ഡോ.ഖാലിദ് അൽ കന്ദരിയും പുരസ്കാരങ്ങൾ കൈമാറി. ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് വൈസ് ചെയർപേഴ്സൻ നസിഹ മുഹമ്മദ് റബീഹും സന്നിഹിതയായിരുന്നു. പുരസ്കാരനേട്ടത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് സി.കെ. നജീബും നിക്സൺ ജോർജും വ്യക്തമാക്കി.