സംഘടിതമായ ധാർമികത സുരക്ഷിത സമൂഹത്തെ സൃഷ്ടിക്കും – ഡോ. അൻവർ സാദത്ത്

0
9

കുവൈത്ത് സിറ്റി: സംഘടിതമായ ധാർമിക പ്രവർത്തനങ്ങൾ സുരക്ഷിത സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്ന് ഇത്തിഹാദുൽ ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്.എം) സംസ്ഥാന പ്രസിഡൻറ് ഡോ. അൻവർ സാദത്ത് പറഞ്ഞു. ആദർശ ക്യാമ്പയിൻറെ ഭാഗമായി ആദർശ വീഥിയിൽ ഉൾകാഴ്ചയോടെ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ദഅ് വ വിംഗ് ദജീജിലെ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ ഇസ്ലാമിക മാതൃക എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതുതലമുറയെ ഇസ്ലാമിക മൂല്യങ്ങളിൽ ഉറപ്പിച്ചു നിർത്താൻ കൂട്ടായ്മകളിലൂടെ പരിശ്രമിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. സംഗമം സൽസബീൽ ജംഇയ്യത്തുൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ഷൈഖ് മുഹമ്മദ് ഹഴിസ് അൽ മുതൈരി ഉദ്ഘാടനം ചെയ്തു. നന്മകൾ പ്രോത്സാഹിപ്പിക്കുകയും തിന്മകളെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് ഉത്തമ സമൂഹം. ഇസ്ലാമിലേക്കുള്ള ക്ഷണം ഏറ്റവും മഹത്തായ വാക്കുകളിലൊന്നാണെന്ന് ഷൈഖ് മുഹമ്മദ് ഹഴിസ് അൽ മുതൈരി സൂചിപ്പിച്ചു. നല്ല വ്യക്തിത്വം: സുരക്ഷിത സമൂഹം എന്ന വിഷയത്തിൽ അൽ അമീൻ സുല്ലമി സംസാരിച്ചു. അല്ലാഹുവിലുള്ള വിശ്വാസവും നല്ല വ്യക്തിത്വവും ആണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി നിർണ്ണയിക്കുന്നത്. ഒരു വ്യക്തിയുടെ ആത്മീയതയും ചിന്താഗതിയും വളർത്തപ്പെടുമ്പോൾ മാത്രമാണ് ഒരു സമ്പൂർണ സമൂഹത്തിന്റെ നേട്ടം ഉറപ്പാക്കാൻ കഴിയുന്നത്. അൽ അമീൻ സുല്ലമി വിശദീകരിച്ചു.ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. മെട്രോ സി.ഇ.ഒ ഹംസ പയ്യന്നൂർ മുഖ്യാതിഥിയായി സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ദഅ് വ സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. ഐമൻ അൽഫസാൻ ഖിറാഅത്ത് നടത്തി