സംസ്ഥാനത്ത് ആഞ്ഞടിച്ചത് ഇടത് തരംഗം

0
27

തിരുവനന്തപുരം: സ്വര്‍ണക്കടത്തും സ്പ്രിങ്ക്‌ലര്‍ വിവാദവും ലൈഫ് വിവാദവും ഒന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേയും എല്‍ഡിഎഫിനേയും ബാധിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നു . കോണ്‍ഗ്രസിനേയും യുഡിഎഫിനേയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇത്തവണയും നേരിട്ടിരിക്കുന്നത്.വന്‍ വിജയം നേടും എന്ന അവകാശവാദവുമായി എത്തിയ ബിജെപിയ്ക്കും തിളങ്ങുന്ന നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനോട് താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട വിജയം ബിജെപിയ്ക്കുണ്ട് എന്ന് വിലയിരുത്താം.
2015 ലെ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് നേടിയത് വെറും ഏഴെണ്ണം മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ അത് പതിനാലില്‍ പതിനൊന്ന് എന്ന മൃഗീയ ഭൂരിപക്ഷത്തില്‍ എത്തിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടുകളാണ് രാഷ്ട്രീയ വോട്ടുകളായി വിലയിരുത്തുന്നത്.
ഗ്രാമപ്പഞ്ചായത്തുകളില് എല്‍ഡിഎഫ് ഇത്തവണ വലിയ തിരിച്ചടി നേരിട്ടേക്കും എന്നായിരുന്നു പല കോണുകളില്‍ നിന്നുള്ള വിലയിരുത്തലുകള്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 501 ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. കഴിഞ്ഞതവണ ഇത് 549 ആയിരുന്നു.
ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് നേട്ടത്തിലാണ് ഇത്തവണ എല്‍ഡിഎഫ് എത്തിയിട്ടുള്ളത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 110 എണ്ണത്തിലും എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ 90 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആയിരുന്നു എല്‍ഡിഎഫ് വിജയിച്ചത്.
ആറ് കോര്‍പ്പറേഷനുകളില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചത് നാലിടത്തായിരുന്നു. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിടത്ത് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. എറണാകുളം കോര്‍പ്പറേഷനിലും എല്‍ഡിഎഫിന് ഭരണസാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ അഞ്ച് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ഭരിക്കും.
മുനിസിപ്പാലിറ്റികളില്‍ ആണ് ഇത്തവണ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടത്. 87 കോര്‍പ്പറേഷനുകളില്‍ ഇത്തവണ 37 ഇടത്ത് മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ ഇത് 44 മുനിസിപ്പാലിറ്റികളാണ്. യുഡിഎഫ് ആണ് മുനിസിപ്പാലിറ്റികളിൽ മുന്നിൽ. കഴിഞ്ഞ തവണത്തേക്കാൾ നില വളരെയേറെ മെച്ചപ്പെടുത്താൻ അവർക്കായി