സദാചാരം പറഞ്ഞ് IPS ഉദ്യോഗസ്ഥ: സോഷ്യൽ മീഡിയയിൽ വിമർശനം

0
17

ജയ്പൂർ: സദാചാര പൊലീസിംഗ് നടത്തി ആവശ്യത്തിനും അനാവശ്യത്തിനും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുന്നവരെ സംബന്ധിച്ച് പല വിമർശനങ്ങളും ഉയരുന്നുണ്ട്. ആണിനെയും പെണ്ണിനെയും ഒരുമിച്ച് കണ്ടാൽ സംശയ ദൃഷ്ടിയോട് മാത്രം നോക്കി ചോദ്യം ചെയ്ത് എന്തിന് കയ്യേറ്റം വരെ നടത്തിയ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ പൊലീസിനെ സമീപിക്കാറാണ് പതിവ്. എന്നാൽ ആ പൊലീസ് തന്നെ സദാചാരവാദികളായാലോ? രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥയാണ് സദാചാരം പറഞ്ഞ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

ഒരു പാർക്കിൽ പുരുഷനും സ്ത്രീയും ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ‘നമ്മുടെ കുട്ടികളെ പാര്‍ക്കില്‍ കൊണ്ടു പോകുമ്പോള്‍ ഇത്തരം കാഴ്ചകളാണ് അവര്‍ കാണുന്നത് എങ്കില്‍ അവരുടെ ചോദ്യത്തിന് നാം എന്തു മറുപടി പറയും’ എന്ന ചോദ്യമാണ് ഐപിഎസ് ഉദ്യോഗസ്ഥയായ അസ്ലം ഖാൻ ഉന്നയിക്കുന്നത്. വൈകാതെ തന്നെ ഈ ട്വീറ്റ് വൈറലായി. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥ സദാചാരം പറയുന്നത് ശരിയല്ലെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണമെന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യം ആണെന്നും അതിൽ ആരും ഇടപെടണ്ടെന്നും ചിലര്‍ പറയുന്നു. അനുവാദം ഇല്ലാതെ രണ്ട് പേരുടെ ചിത്രം പങ്കുവച്ചതിനെയും ചിലർ ചോദ്യം ചെയ്യുന്നുണ്ട്. ഇങ്ങനെ സദാചാരം പറയുന്നതിന് പകരം സ്നേഹത്തെയും വ്യക്തിബന്ധങ്ങളെയും കുറിച്ച് കുട്ടികളെ പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം അസ്ലം ഖാനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.