സമൂഹത്തിന്റെ ധാർമിക സന്തുലിതാവസ്ഥക്ക് മതവിദ്യാഭ്യാസം അനിവാര്യം

0
92

കുവൈത്ത് സിറ്റി : സമൂഹത്തിൽ മൂല്യച്യൂതിയെ വിപാടനം ചെയ്യുന്നതിനും ധാർമിക സന്തുലിതാവസ്ഥക്കും മതവിദ്യാഭ്യാസം അനിവാര്യമാണെന്ന് ഇന്ത്യൻ ഇസ്ലാഹി മദ്രസ്സ സാൽമിയ സംഘടിപ്പിച്ച പ്രവേശനോത്സവം അഭിപ്രായപ്പെട്ടു.വിദ്യാർത്ഥികളും, രക്ഷിതാക്കളും, അദ്ധ്യാപകരും പങ്കെടുത്ത പരിപാടി ഐഐസി കേന്ദ്ര സെക്രട്ടറി ഷാനിബ് പേരാമ്പ്ര ഉത്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ധാർമിക, മത മൂല്യങ്ങൾ അഭ്യസിക്കുന്നതിനു മാതാപിതാക്കൾ ശ്രദ്ധചെലുത്തണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. സാമൂഹ്യ വ്യവസ്ഥിതിയുടെ അടിസ്ഥാനമായ കുടുംബത്തിൽ നിന്ന് തന്നെ മതപരമായ ജീവിത ശൈലി പരിശീലിപ്പിക്കണമെന്നു അദ്ധ്യക്ഷത നിർവഹിച്ച വൈസ് പ്രിൻസിപ്പാൾ മനാഫ് മാത്തോട്ടം പറഞ്ഞു.2024 -25 വർഷത്തേക്കുള്ള മദ്രസ അക്കാദമിക് പ്ലാൻ കേന്ദ്ര ട്രഷറർ അനസ് മുഹമ്മദ് ആലുവ സദസ്സിൽ അവതരിപ്പിച്ചു.നിലവിലെ പാഠ്യപദ്ധതിക്ക് പുറമെ വിദ്യാർത്ഥികളുടെ സർഗ്ഗ ശേഷി പ്രോത്സാഹിപ്പിക്കുന്നതിന് വിവിധങ്ങളായ പാരിപാടികളും മദ്രസ്സയിൽ നടത്തുന്നുണ്ട്. കേരളത്തിലെ മര്കസുദ’വയുടെ മേൽനോട്ടത്തിൽ സി.ഐ.ഇ.ആർ സിലബസ് അടിസ്ഥാനപ്പെടുത്തി സാൽമിയ അമ്മാൻ ബ്രാഞ്ച് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ എല്ലാ ശനിയാഴ്ചകളിലും 8 മുതൽ 1 മണിവരെയാണ് മദ്രസ്സ നടക്കുന്നത്. സാൽമിയയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മദ്രസാ അഡ്മിനിസ്ട്രേറ്റർ ഷർശാദ് പുതിയങ്ങാടി സ്വാഗതവും, അയ്മൻ ഖിറാഅത്തും, മാഷിത നന്ദിയും പറഞ്ഞു. പുതിയ അഡ്മിഷന് മദ്രസ്സ കോർഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ് : 96658400 / 66405706 / 65829673.