സഹായി വാദിസലാം കുവൈത്ത് കമ്മിറ്റി നിലവില്‍ വന്നു

0
23

കുവൈത്ത് സിറ്റി: കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമായി രണ്ടര പതിറ്റാണ്ട് മുമ്പ് ജീവ കാരുണ്യ മേഖലകളിൽ സ്തുത്യർഹ സേവനത്തിന്റെ ഉദാത്ത മാതൃകകൾ സൃഷ്ടിച്ചു കൊണ്ട് തുടക്കം കുറിച്ച സംഘടനയാണ് സഹായി വാദിസലാം.

പതിനായിരങ്ങൾ ദിനേന എത്തുന്ന മെഡിക്കൽ കോളേജിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്വാസത്തിന്റെ കൈകൾ നീട്ടുന്ന മഹാസംരംഭം അവശത അനുഭവിക്കുന്നവരുടെ അഭയ കേന്ദ്രമാണ്. ദിനം പ്രതി നൂറുകണക്കിന് പേർക്ക് ഭക്ഷണവും സൗജന്യ മരുന്ന് വിതരണവും മയ്യിത്ത് പരിപാലനവും ആംബുലൻസ് സേവനവുമായി സഹായിയുടെ കർമ്മ രംഗം സജീവമാണ്. സഹായിയുടെ, പൂനൂരിൽ പ്രവർത്തിച്ച് വരുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഡയാലിസിസ് സെന്ററിൽ 12 മെഷീനുകളിലായി മുപ്പതിലധികം രോഗികൾ ഓരോ ദിനവും ഡയാലിസിസ് ചെയ്തു വരുന്നു. നിത്യ വരുമാനങ്ങളില്ലാത്ത സഹായിക്ക് സമാശ്വാസമാകുക എന്ന ലക്ഷ്യത്തോടെ കുവൈത്തില്‍ സഹായിയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ സഹായി കുവൈത്ത് കമ്മിറ്റി നിലവില്‍ വന്നു. അബ്ദുല്‍ അസീസ്‌ സഖാഫി കൂനോള്‍മാട് (പ്രസിഡണ്ട്‌), ശാഫി കൊടശ്ശേരി (ജനറല്‍ സെക്രട്ടറി), അബ്ദുറഹ്മാന്‍ ചേലേമ്പ്ര (ഫിനാന്സ്) സെക്രട്ടറി), മൂസ കാന്തപുരം, ഇബ്രാഹിം മുസ്‌ലിയാര്‍ വെണ്ണിയോട് (വൈസ് പ്രസിഡണ്ടുമാര്‍), സാദിഖ് എരഞ്ഞിമാവ് , സാദിഖ് കൊയിലാണ്ടി (ജോയിന്റ്് സെക്രട്ടറിമാര്‍). “സഹായി”യുടെ ഡയരക്ടർ അബ്ദുല്ല സഅദി ചെറുവാടിയുടെ നേതൃത്വത്തിൽ ഫര്‍വാനിയ ഐ.സി.എഫ്. ഹാളില്‍ നടന്ന യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ‘സഹായി’യുടെ പ്രവര്ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. അബ്ദുല്ല വടകര, അബൂ മുഹമ്മദ്‌, അഹമദ് സഖാഫി കാവനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ അണ്ടികോട് സ്വാഗതം പറഞ്ഞു.