കുവൈറ്റ് സിറ്റി: സാമൂഹൃ ജീവിതത്തിന് ഭീഷണിയായി വ്യാപിച്ചു കൊണ്ടിരിക്കുന്ന അധാർമ്മിക പ്രവണതകളെ പ്രതിരോധിക്കാൻ ജനകീയ വനിത കൂട്ടായ്മകൾ രൂപീകരിക്കണമെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻറർ വനിത വിംഗായ മുസ്ലിം ഗേൾസ് ആൻറ് വുമൻസ് മൂവ്മെന്റ് (എം.ജി.എം) സാൽമിയ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സമ്മേളനം ആവശ്യപ്പെട്ടു. ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയെ ഇഫ്ത്വാർ സംഗമം അപലപിച്ചു. പലസ്തീനിലെ പിഞ്ചു മക്കളുടെ ചോര കൊണ്ട് ഭീകരത സൃഷ്ടിക്കുന്ന ഇസ്‌റയേലിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നും ഭീകര രാഷ്ട്രമായ ഇസ്‌റയേലിനെ ഒറ്റപ്പെടുത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
എം.ജി.എം സമ്മേളനം സൽസബീൽ ചാരിറ്റിയുടെ കോഡിനേറ്റർ മറിയം ഈസ അൽകന്ദരി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഖാരിഅ് നൌഷാദ് മദനി കാക്കവയൽ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി. എം.ജി.എം പ്രസിഡൻറ് മാഷിത മനാഫ് അധ്യക്ഷത വഹിച്ചു.സൽസബീൽ ചാരിറ്റിയുടെ കോഡിനേറ്റർ ഡോ.അസ്മ സൈദ് അബ്ദുൽഅസീസ്, ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം ആശംസകൾ നേർന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹഫ്സ ഇസ്മയിൽ (ഐവ), സമീറ ഉമർ ( സിജി), ഷഹീജ ( കെഡിഎ), ജസീമ മുഹമ്മദ് റാഫി (എം ഇ എസ്) എന്നിവർ പങ്കെടുത്തു. എം ജി എം സംഘടിപ്പിച്ച ഹിഫ്ദ് മത്സരവിജയികളായ റബീബ മുഹമ്മദ്, ഗനീമ മുഹമ്മദ് റഫീഫ്, ഖൈറുന്നീസ അസീസ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എം.ജി.എം ജനറൽ സെക്രട്ടറി ഫാത്തിമ നഫ്സി ആഷിഖ് സ്വാഗതവും ഷെയ്ബി നബീൽ നന്ദിയും പറഞ്ഞു.