കുവൈത്ത് സിറ്റി: സാരഥി കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാരഥി പ്രദേശിക സമിതിയായ ഫഹഹീൽ യൂണിറ്റ് നേതൃത്വം കൊടുത്ത “സ്നേഹസ്പർശം-2024”, കണ്ണൂർ പയ്യന്നൂർ ആനന്ദ ആശ്രമത്തിലെയും ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികൾക്കുമായി ഓണാഘോഷവും, ഓണക്കോടി വിതരണവും നടത്തി. ആനന്ദ ആശ്രമത്തിലെ വിദ്യാർത്ഥികളുടെ സ്വാഗത ഗാനത്തോടുകൂടി ആരംഭിച്ച ചടങ്ങ് പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള ഓണക്കോടി വിതരണം ചെയ്തു.
ചടങ്ങിന് സാരഥി എക്സിക്യൂട്ടീവ് മെമ്പർ ജിതേഷ് എം.പി അധ്യക്ഷത വഹിച്ചു. സാരഥി ഭാരവാഹിയും പരിപാടിയുടെ കോർഡിനേറ്ററുമായ സന്തോഷ് കാന്തലോട്ട് സ്വാഗതം ആശംസിച്ചു. സാരഥി ട്രസ്റ്റ് മെമ്പർ ദിനേശ് ഐ വി, ആശ്രമം ട്രസ്റ്റ് മെമ്പർമാരായ കെ കൃഷ്ണൻ, എ കെ പി നാരായണൻ, റ്റി പ്രകാശൻ എന്നിവർ ആശംസകളും, ആശ്രമം ട്രസ്റ്റ് മെമ്പർ രാമകൃഷ്ണൻ കണ്ണോ ഓണ സ്തുതി പ്രഭാഷണവും നടത്തി. ചടങ്ങിന് ആശ്രമം ട്രസ്റ്റ് സെക്രട്ടറി കെ പി ദാമോദരൻ നന്ദി പ്രകാശിപ്പിച്ചു. മാവേലിയും, പൂക്കളവും, കുട്ടികളുടെ ഓണപ്പാട്ടും ചടങ്ങിന് മിഴിവേകി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും, കണ്ണൂർ സംഗീത കൂട്ടായ്മയുടെ സംഗീതവിരുന്നും അരങ്ങേറി.