കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ കലോത്സവം സർഗ്ഗസംഗമം-2025, ജനുവരി 10, 17 തീയതികളിലായി സംഘടിപ്പിച്ചു. സാരഥി കേന്ദ്ര വനിതാവേദിയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ സർഗ്ഗസംഗമം സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ വെച്ചു സമ്മാനദാനത്തോടെ സമാപിച്ചു. സാരഥി കുവൈറ്റിന്റെ പതിനാറ് പ്രാദേശിക യൂണിറ്റുകളിൽ നിന്നുമായി ആയിരത്തിൽ പരം അംഗങ്ങൾ വിവിധ വിഭാഗങ്ങളിലായി അറുപത്തിരണ്ട് മത്സര ഇനങ്ങളിൽ പങ്കെടുത്തു. കുവൈറ്റിലെ പ്രശസ്തരായ അമ്പതോളം വിധികർത്താക്കൾ മത്സരയിനങ്ങളുടെ വിധിനിർണയത്തിൽ പങ്കാളികളായി. സർഗ്ഗസംഗമം സമാപന സമ്മേളനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ പ്രധാന മത്സര വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസിസന്റ് അജി കെ ആർ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്, വനിതാവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് വിവിധ മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കിൻഡർഗാർട്ടൻ മുതൽ ജനറൽ വിഭാഗം വരെയുള്ള വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സരയിനങ്ങളിൽ മംഗഫ് വെസ്റ്റ് യൂണിറ്റ് ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഷിഫ അൽ ജസീറ ഇന്റർനാഷനൽ സ്പോൺസർ ചെയ്ത കുമാരനാശാൻ എവറോളിങ് ട്രോഫി കരസ്ഥമാക്കി. മംഗഫ് ഈസ്റ്റ് യൂണിറ്റ് രണ്ടാം സ്ഥാനവും അബുഹലിഫ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കലാതിലകം, കലാപ്രതിഭ പട്ടത്തിനു അർഹരായവർ,
- കിൻഡർഗാർട്ടൻ വിഭാഗം: ബെസ്റ്റ് പെർഫോർമർ- ആദ്വിക ഷോണി വിപിൻ, അബുഹലിഫ യൂണിറ്റ്
- സബ് ജൂനിയർ വിഭാഗം: കലാതിലകം- ഗൗതമി വിജയൻ, ഹസ്സാവി സൗത്ത് യൂണിറ്റ്, കലാ പ്രതിഭ – അദ്വൈത് അരുൺ, ഹസ്സാവിയ സൗത്ത് യൂണിറ്റ്
- ജൂനിയർ വിഭാഗം: കലാതിലകം- പ്രതിഭ രമേശ്, മംഗഫ് ഈസ്റ്റ് യൂണിറ്റ് കലാപ്രതിഭ – ഋഷഭ് സിനിജിത്, അബാസിയ വെസ്റ്റ് യൂണിറ്റ്
- സീനിയർ വിഭാഗം: കലാതിലകം – അനഘ രാജൻ, മംഗഫ് വെസ്റ്റ് യൂണിറ്റ് കലാ പ്രതിഭ – ശിവേന്ദു ശ്രീകാന്ത്, ഹസ്സാവിയ സൗത്ത് യൂണിറ്റ്
- ജനറൽ വിഭാഗം: കലാതിലകം – പൂജ രഞ്ജിത്, മംഗഫ് വെസ്റ്റ് യൂണിറ്റ് കലാ പ്രതിഭ – ബിജു ഗോപാൽ, ഹസ്സാവിയ സൗത്ത് യൂണിറ്റ്
ജനറൽ കൺവീനർ രമ്യ ദിനുവിന്റെ നേതൃത്വത്തിൽ, വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ജോയിന്റ് കൺവീനേഴ്സ് ആയ വിനേഷ് വാസുദേവൻ, ആശ ജയകൃഷ്ണൻ എന്നിവർ സർഗ്ഗസംഗമം-2025 ന് ചുക്കാൻ പിടിച്ചു. സാരഥി കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളും പ്രാദേശിക ഭാരവാഹികളും രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിക്ക് നേതൃത്വം നൽകി.