കുവൈത്ത് സിറ്റി: സാരഥി കുവൈറ്റ് ശ്രീനാരായണ തിരുജയന്തി ആഘോഷങ്ങൾ ഓഗസ്റ്റ് 18, 30 എന്നീ രണ്ടു തീയതികളിൽ ആയി അരങ്ങേറി. തിരുജയന്തി ഉദ്ഘാടനദിവസം, സാരഥി സാൽമിയ പ്രാദേശിക സമിതി അവതരിപ്പിച്ച ഭജനയും ഗുരുദർശന വേദി സംഘടിപ്പിച്ച പ്രാർത്ഥന, അന്നദാനം എന്നിവ പ്രധാന പരിപാടികൾ ആയിരുന്നു.
രണ്ടാം ദിവസമായ ഓഗസ്റ്റ് 30 ന് രണ്ടു മണിയോടെ പ്രശസ്‌ത ഗുരുധർമ്മ പ്രഭാഷകൻ സുരേഷ് പരമേശ്വരന്റെ പ്രചോദനമായ വാക്കുകളോടെ തിരുജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. പോഗ്രാം ജനറൽ കൺവീനർ റനീഷ് ബാബു സദസ്സിന് സ്വാഗതം അർപ്പിച്ചു. ഗുരുകൃതി ആലാപനമത്സരത്തിൽ സാരഥിയുടെ ഒമ്പത് യൂണിറ്റുകൾ പങ്കെടുത്തു. സാൽമിയ യൂണിറ്റ് ആലാപന മത്സര വിജയികളായി. മംഗഫ് വെസ്റ്റ്, ഫഹാഹീൽ യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ കാലാതീതമാണെന്നും അവ ഏവരിലും ആഴത്തിൽ പ്രതിധ്വനിക്കുകയും ഐക്യവും ലക്ഷ്യബോധവും നമ്മളിൽ ഏവരിലും ഉളവാക്കുന്നതാണെന്നും പ്രഭാഷകനായ സുരേഷ് പരമേശ്വരൻ ഏവർക്കും ഉൾക്കാഴ്ചയേകിയ പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു.
പൗർണമി സംഗീതും സിബി പുരുഷോത്തമനും അവതാരകരായ തിരുജയന്തി ആഘോഷങ്ങളിൽ സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രസ്റ്റ് സെക്രട്ടറി ബിന്ദു സജീവ്, വനിതാ വേദി ചെയർപേഴ്‌സൺ പ്രീതി പ്രശാന്ത്, ഗുരുദർശന വേദി ഉപദേഷ്ടാവ് വിനീഷ് വിശ്വം, സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ എന്നിവർ ആശംസകൾ നേർന്നു. സാരഥി പ്രസിഡന്റ് അജി കെ ആർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ തിരുജയന്തി ദിനത്തിൽ ശ്രീനാരായണഗുരുവിന്റെ കൃതികളുടെ പ്രാധാന്യത്തെകുറിച്ചും ഗുരുദേവ ആശയങ്ങൾ ജീവിതത്തിൽ നടപ്പിലാക്കേണ്ടതിനെകുറിച്ചും ഓർമിപ്പിച്ചു.
ജനറൽ കൺവീനർ റനീഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ തിരുജയന്തി ആഘോഷങ്ങൾക്ക് സാരഥി ഗുരുദർശനവേദിയും പോഗ്രാം കമ്മിറ്റിയും സാരഥിയുടെ യൂണിറ്റ് ഭാരവാഹികളും കേന്ദ്ര വനിതാ വേദിയും വിലമതിക്കാനാകാത്ത പിന്തുണയേകി.
ഫർവാനിയ യൂണിറ്റ് സംഘടിപ്പിക്കുന്ന ഫിനാൻഷ്യൽ ഫിറ്റ്‌നസ് സെമിനാറിന്റെയും പയ്യന്നൂർ ആനന്ദാശ്രമത്തിലെ അന്തേവാസികൾക്കായി സാരഥി ഫഹാഹീൽ യൂണിറ്റ് സംഘടിപ്പിക്കുന്ന സ്നേഹസ്പർശം പരിപാടികളുടെയും വിവരങ്ങൾ ജനറൽ സെക്രട്ടറി ജയൻ സദാശിവൻ ഏവരെയും അറിയിച്ചു. അബ്ബാസിയ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണപ്പൂക്കള മത്സരപരിപാടിയുടെ ഫ്ലയർ വേദിയിൽ അനാച്ഛാദനം ചെയ്തു. സാരഥി കുവൈറ്റ് സെൻട്രൽ വനിതാ വേദി സംഘടിപ്പിച്ച “അമ്മ എന്ന നന്മ”, സാരഥി കുവൈറ്റ് ഹെൽത്ത് ക്ലബ്ബ് നേതൃത്വം നൽകിയ “ഓർമ്മയിൽ ഒരു മാലാഖ” എന്നി മത്സരങ്ങളുടെ വിജയികൾക്ക് വേദിയിൽ വെച്ച് സമ്മാനങ്ങൾ നൽകി. തിരുജയന്തി ആഘോഷങ്ങൾ ഭംഗിയായി നടത്താൻ സഹായിച്ച ഏവർക്കും പങ്കെടുത്ത എല്ലാവർക്കും സാരഥി ട്രഷറർ ദിനു കമൽ നന്ദി അറിയിച്ചു.