സിവിൽ ഐഡിയിലെ മേൽവിലാസം പുതുക്കിയില്ലെങ്കിൽ ‘പണി’ കിട്ടും

കുവൈത്ത് സിറ്റി : കുവൈത്തിൽ താമസ സ്ഥലത്തെ മേൽ വിലാസം അപ്‌ഡേറ്റ് ചെയ്യാത്തവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന ആരംഭിക്കുന്നു.ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ മുന്നോടിയായി രാജ്യത്തെ എല്ലാ താമസക്കാർക്കും താമസിക്കുന്ന സ്ഥലത്തിന്റെ മേൽ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന് സഹൽ ആപ്പ് വഴി സന്ദേശം അയച്ചു തുടങ്ങി കഴിഞ്ഞു. രണ്ട് മാസത്തിന്നകം സന്ദേശത്തോട് പ്രതികരിക്കാത്തവർക്ക് എതിരെ പ്രതി മാസം 20 ദിനാർ വീതം പിഴ ചുമത്തുന്നതോടൊപ്പം മറ്റു നിയമ നടപടകളും സ്വീകരിക്കും.തങ്ങളുടെ കെട്ടിടങ്ങളുടെ മേൽ വിലാസത്തിൽ തങ്ങളുടെ അറിവ് കൂടാതെ പലരും മേൽ വിലാസം രജിസ്റ്റർ ചെയ്തതായി കെട്ടിട ഉടമകളിൽ നിന്ന് സിവിൽ ഇൻഫർമേഷൻ അധികൃതർക്ക് നിരവധി പരാതികൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.ഇത്തരം പരാതികളുടെ യാഥാർത്ഥ്യം പരിശോധിക്കുന്നതിനു താമസക്കാരനെ സിവിൽ ഇൻഫർമേഷൻ അധികൃതർ വിളിച്ചു വരുത്തുവാനും ആരംഭിച്ചിട്ടുണ്ട്. മേൽ വിലാസം പുതുക്കാത്ത ആയിരക്കണക്കിന് പ്രവാസികളുടെ വിവരങ്ങൾ സിവിൽ ഇൻഫർമേഷൻ അധികൃതർ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. ഇവരിൽ ബഹു ഭൂരിപക്ഷവും പ്രവാസികളാണ്.