കുവൈത്ത്: സിവിൽ ഐഡി ലഭിക്കാൻ കാലതാമസമുണ്ടാകുന്ന സാഹചര്യത്തിൽ ഇത്തരക്കാർക്ക് നൽകുന്ന പ്രിന്‍റെ് ഔട്ട് യാത്രാരേഖയായി ഉപയോഗിക്കാമെന്ന തരത്തിലുള്ള വാര്‍ത്തകൾ തള്ളി കുവൈത്ത് സിവില്‍ ഇന്‍ഫര്‍മേഷൻ അതോറിറ്റി. സിവിൽ ഐഡിക്ക് പകരമായി മറ്റൊരു തിരിച്ചറിയൽ രേഖകളും നൽകുന്നില്ലെന്നാണ് അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. സ്മാർട്ട് കാർഡുകളുടെ ലഭ്യതക്കുറവ് മൂലം കുവൈറ്റിൽ സിവിൽ ഐഡി വിതരണം മന്ദഗതിയിൽ ആയിരുന്നു. എന്നാൽ ഐഡി ലഭിക്കാന്‍ വൈകുന്നവർ അവർക്ക് ലഭിക്കുന്ന പ്രിന്റ് ഔട്ട് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം ചില വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതർ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഐഡി ലഭിക്കാൻ കാലതാമസം എടുക്കുന്നതിനാൽ രാജ്യത്ത് താമസിക്കുന്നുവെന്നുള്ള ഒരു തിരിച്ചറിയൽ രേഖയായി മാത്രമാണ് ഇത്തരം പ്രിന്റ് ഔട്ടുകൾ നൽകുന്നത്. വ്യക്തി വിവരങ്ങൾ, സാധുവായ താമസ കാലയളവ്, സിവിൽ കാർഡിലെ മറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ രേഖ തിരിച്ചറിയലിനും ഇവിടെ താമസിക്കുന്നു എന്നതിന് തെളിവ് എന്ന നിലയ്ക്കുമാണ്. അതല്ലാതെ എയര്‍പോർട്ടുകളിലോ സിവിൽ ഐഡി നിർബന്ധമാക്കിയ മറ്റിടങ്ങളിലോ ഉപയോഗിക്കാൻ പാടില്ല എന്നാണ് സിവില്‍ ഇന്‍ഫര്‍മേഷൻ അതോറിറ്റി അറിയിച്ചത്.