ന്യൂഡൽഹി: ശനിയാഴ്ച വൈകുന്നേരം ഡൽഹിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഓൾഡ് രജീന്ദർ നഗറിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറി മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾ മരിച്ചു. മരിച്ച മൂന്നു പേരിൽ എറണാകുളം സ്വദേശിയുമുൾപ്പെടുന്നു. തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റ് രണ്ടു പേർ. എറണാകുളം സ്വദേശി നെവിൻ ഡാൽവിനാണ് മരിച്ച മലയാളി. ജെഎൻയുവിലെ റിസർച്ച് സ്‌കോളർ കൂടിയായ നെവിൻ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ലൈബ്രറിയിൽ എത്തിയത്. യുപിയിലെ അംബേദ്കർ നഗർ സ്വദേശിയായ ശ്രേയ യാദവ്, തെലങ്കാനയിൽ നിന്നുള്ള തന്യ സോണി എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ. സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കെട്ടിടത്തിൻ്റെ ബേസ്‌മെൻ്റിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.