‘സുരക്ഷ, സമൃദ്ധി, സ്ഥിരത എന്നിവ കൈവരിക്കുന്നതിന് ജിസിസി സഹകരണം വർദ്ധിപ്പിക്കണം’

0
64

കുവൈത്ത് സിറ്റി: സുരക്ഷ, സമൃദ്ധി, സ്ഥിരത എന്നിവ കൈവരിക്കുന്നതിന് ജിസിസി സഹകരണം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കി അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്. 45-ാമത് ഗൾഫ് സഹകരണ കൗൺസിലിൻ്റെ (ജിസിസി) ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദോഹയിൽ നടന്ന മുൻ ഉച്ചകോടിയിൽ നേതൃത്വം നൽകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ഏകീകരണം, ഏകീകൃത നയങ്ങൾ, വരുമാന വൈവിധ്യവൽക്കരണം, പ്രാദേശിക വ്യവസായങ്ങൾക്കുള്ള പിന്തുണ എന്നിവയ്ക്ക് ഊന്നൽ നൽകാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ആഗോളതലത്തിൽ ഗൾഫ് സമ്പദ്‌വ്യവസ്ഥകളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) നവീകരണം സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയും അമീർ അടിവരയിട്ടു. ഗൾഫ് യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഏകീകൃതവും സംയോജിതവുമായ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും വിദ്യാഭ്യാസം ഒരു പ്രധാന സ്തംഭമായി അദ്ദേഹം എടുത്തുപറഞ്ഞു. തങ്ങളുടെ ജനങ്ങളുടെ കൂട്ടായ ക്ഷേമം ഉറപ്പാക്കാൻ ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്രമം തടയുക, മാനുഷിക സഹായം ഉറപ്പാക്കുക തുടങ്ങിയ ആഗോള പ്രതിസന്ധികളിൽ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് യുഎൻ സുരക്ഷാ സമിതിയോട് അമീർ അഭ്യർത്ഥിച്ചു.