ദുബൈ: ഇന്ത്യൻ രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടിലേറെ ന്യൂനപക്ഷ അവകാശങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി നിരന്തരം പോരാടിയ മതനിരപേക്ഷ പോരാളിയായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ടെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. രാജ്യത്ത് നടന്ന വർഗീയ കലാപങ്ങളിൽ ഇരകളാക്കപ്പെട്ട ആയിരങ്ങൾക്ക് സാന്ത്വനം നൽകാനും അത്തരം വിഷയങ്ങളിൽ ഭരണകൂടങ്ങളുടെ തെറ്റുകൾക്കെതിരെ കലഹിക്കാനും സുലൈമാൻ സേട്ട് മുന്നിൽ നിന്നതും ഏറെ ആവേശകരമായ അനുഭവങ്ങൾ ആണെന്നും ഐഎംസിസി ജിസിസി കമ്മറ്റി ഓൺലൈനിൽ സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഐഎംസിസി ജിസിസി ചെയർമാൻ എഎം അബ്ദുല്ലകുട്ടി അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സുലൈമാൻ സേട്ടിനെ പോലെയുള്ള ആത്മാർത്ഥത നിറഞ്ഞ പോരാളികളെയാണ് ഇന്നത്തെ ഫാസിസ്റ്റ് കാലത്ത് രാജ്യം കൊതിക്കുന്നതെന്നും, രാഷ്ട്രീയ വിദ്യാർഥികൾക്ക് ഏറെ പഠിക്കാനും പകർത്താനും കഴിയുന്നതാണ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ജീവിതമെന്നും, നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ ഒരിക്കലും തയ്യാറാവാതിരുന്ന സേട്ട് തന്നെ ഏറെ ആകർഷിച്ച വ്യക്തിത്തമാണെന്നും അദ്ദേഹം അനുസ്മരിച്ചു.
ന്യൂനപക്ഷ വിഭാഗത്തിന്റെ പോരാളി എന്നതിനപ്പുറം, രാജ്യത്തെ മതനിരപേക്ഷ സമൂഹം ഒന്നടങ്കം എക്കാലവും ഓർക്കുന്ന നേതാവാണ് സേട്ട് സാഹിബെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയവൺ ഗൾഫ് ബ്യൂറോ സഹീഫുമായ എംസിഎ നാസർ അനുസ്മരിച്ചു. ഇതിന് തനിക്ക് നേരിട്ട് അനുഭവമുള്ള ഉദാഹരണമായിരുന്നു, വിഭജന സമയത്ത് പാകിസ്ഥാനിൽ അകപ്പെട്ടുപോയ ബന്ധുക്കളെ കാണാൻ ശുപാർശ കത്തിനായി പലപ്പോഴും ഡൽഹിയിലെ സുലൈമാൻ സേട്ടിന്റെ വീട്ടിലെത്തിയിരുന്ന സിഖ് സമൂഹത്തിലെ നിരാലംബരായ ആളുകളെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.
നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുൽ വഹാബ്, സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ, ഐഎംസിസി മുൻ ജിസിസി ജനറൽ കൺവീനർ ഖാൻ പാറയിൽ എന്നിവർ പ്രസംഗിച്ചു. നാഷണൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർകോയ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ്, എഎൽഎം ഖാസിം, സയ്യിദ് ഷബീൽ ഹൈദ്രോസി തങ്ങൾ, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ, ഒപി റഷീദ്, ജലീൽ പുനലൂർ, ബഷീർ ബഡേരി, കൊച്ചുമുഹമ്മദ് വലത്ത്, സാലിഹ് മേടപ്പിൽ, നസ്‌റുദ്ധീൻ മജീദ്, എൻഎം മഷ്ഹൂദ് ഉൾപ്പടെയുള്ളവർ തുടങ്ങിയവരും സംബന്ധിച്ചു.
ജനറൽ കൺവീനർ പിപി സുബൈർ സ്വാഗതവും ട്രഷറർ പുളിക്കൽ മൊയ്‌തീൻ കുട്ടി നന്ദിയും പറഞ്ഞു. മുഫീദ് കൂരിയാടൻ, ഷരീഫ് കൊളവയൽ, കാസിം മലമ്മൽ, റഷീദ് താനൂർ, ഹമീദ് മധൂർ തുടങ്ങിയവർ നേതൃത്വം നൽകി.