സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ: അന്വേഷണത്തിന് പ്രത്യേക വനിത സംഘം

0
24
abuse

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമ കേസുകൾ അന്വേഷിക്കാൻ പ്രത്യേക വ‌നിതാ സംഘത്തെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റേഞ്ച് ഐജിമാരുടെ മേൽനോട്ടത്തിൽ വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാകും ബലാത്സംഗക്കേസുകൾ അന്വേഷിക്കുക എന്ന വിവരം നിയമസഭയിലാണ് മുഖ്യമന്ത്രി അറിയിച്ചത്.

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ നടപടികള്‍ കർശനമാക്കുമെന്ന് സര്‍ക്കാർ ആവർത്തിച്ചിട്ടുള്ളതാണ്. പ്രത്യേക സെല്ലുകളും ടോൾ ഫ്രീ നമ്പറുകളുമടക്കം പല പദ്ധതികളും സർക്കാരും പൊലീസ് സേനയും സഹകരിച്ച് നടപ്പിലാക്കിയിട്ടുമുണ്ട്. ഇതിന് തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമ കേസുകള്‍ വര്‍ധിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് വിവിധ തലങ്ങളിലായി ശക്തമായ ബോധവത്കരണം നടക്കുന്നതിനാൽ പലരും തുറന്നു പറയാൻ തയ്യാറാകുന്നതാണ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചത്. ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നിൽക്കുന്ന സർക്കാർ നിലപാടാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നായിരുന്നു വിമർശനം. പാർട്ടിക്കാര്‍ ഉൾപ്പെട്ട കേസുകളിൽ വനിതാ കമ്മീഷൻ ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.