സ്പോൺസർമാരുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാൻ നടപടികളുമായി മാനവവിഭവശേഷി മന്ത്രാലയം

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ആശ്വാസ നടപടിയുമായി ആയി കുവൈത്ത് മാനവവിഭവശേഷി മന്ത്രാലയം. സ്പോൺസർമാരുടെ സ്വേച്ഛാധിപത്യം പരിമിതപ്പെടുത്തുന്നതിനും പ്രവാസി തൊഴിലാളികൾ ഹാജരാകാത്ത അറിയിപ്പുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, തൊഴിലാളികൾക്കെതിരെയുള്ള റിപ്പോർട്ടുകൾ ഗുരുതരമല്ലെങ്കിൽ അവ പിൻവലിക്കാനുള്ള കാലയളവ് 60 ദിവസത്തിൽ നിന്ന് ഒരാഴ്ചയായി കുറയ്ക്കാൻ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു.
തൊഴിലാളിക്കെതിരായ പരാതി പിൻവലിക്കുന്നതിന് പകരം തൊഴിലാളികളെ സമ്മർദ്ദത്തിലാക്കാനും ബ്ലാക്ക് മെയിൽ ചെയ്യാനും സ്പോൺസർമാർ രണ്ട് മാസ കാലയളവ് ഉപയോഗിച്ചുവന്നതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇത്തരം കേസുകളിൽ പരാതികൾ മിക്കപ്പോഴും വ്യാജമായിരുന്നു. പുതിയ സാഹചര്യത്തിൽ ആഴ്ചയിലെ സമയപരിധി അവസാനിച്ചതിന് ശേഷം, തൊഴിലാളിക്കെതിരെ നടപടിയെടുക്കുന്നതിൽ അതിന്റെ ഗൗരവം ഉറപ്പുവരുത്താൻ മന്ത്രാലയം പരാതി സംബന്ധിച്ച് അന്വേഷിക്കുമെന്നും എന്നാലിത് അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞാൽ, ഒരു നടപടിയും സ്വീകരിക്കാതെ അത് ഉപേക്ഷിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.