സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: 5 മേഖലകളെ ഒഴിവാക്കി കുവൈറ്റ്

0
25

കുവൈറ്റ്: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിനുള്ള നടപടികൾ ദ്രുതഗതിയിലാക്കി കുവൈറ്റ്. എല്ലാ മേഖലകളിലും സ്വദേശികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ബാങ്കിങ് മേഖലയിൽ 65% സ്വദേശിവൽക്കരണമാണ് നിർദേശിച്ചിരിക്കുന്നത്.

എന്നാൽ സ്വദേശിവത്കരണത്തിൽ നിന്ന് അഞ്ച് മേഖലകളെ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.ആരാധനാലയം, കൃഷി, ആടുമേയ്ക്കൽ, മത്സ്യബന്ധനം, 25ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ എന്നിവയാണ് ഒഴിവാക്കിയത്. പുതിയ തീരുമാനപ്രകാരമുള്ള നിര്‍ദിഷ്ട അനുപാതത്തിൽ സ്വദേശികളെ നിയമിക്കാതെ പകരം നിയമിക്കുന്ന വിദേശി ജീവനക്കാരില്‍ ഒരാൾക്ക് 300 ദിനാർ വീതം കണക്കാക്കി പ്രതിവർഷം പിഴ ഈടാക്കുമെന്നും വ്യവസ്ഥ വന്നിട്ടുണ്ട്.

സർക്കാർ പദ്ധതികൾ ഏറ്റെടുത്ത സ്വകാര്യ കമ്പനികൾ സ്വദേശിവത്കരണ തോത് പാലിച്ചില്ലെങ്കിൽ പദ്ധതി പൂർത്തീകരിച്ചതിനുള്ള സർട്ടിഫിക്കറ്റ് നൽകില്ല എന്നും അറിയിച്ചിട്ടുണ്ട്. ഇത് കമ്പനികളുടെ ഭാവിപ്രവര്‍ത്തനത്തെ തന്നെയാകും ദോഷകരമായി ബാധിക്കുക.