സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌

0
37

കുവൈത്ത് സിറ്റി: 78മത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാസ്ക്) സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ട്രാസ്ക് പ്രസിഡന്റ്‌ ബിജു കടവി അംഗങ്ങൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജോയിൻറ് സെക്രട്ടറിയും കായിക സമിതി കൺവീനറുമായ ജിൽ ചിന്നൻ സ്വാഗതവും സാമൂഹ്യക്ഷേമ സമിതി കൺവീനറും ജോയിൻറ് സെക്രട്ടറിയുമായ സിജു എം എൽ അനുശോചന സന്ദേശവും പറഞ്ഞ പരിപാടിയിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, ട്രഷറർ തൃതീഷ് കുമാർ, വനിതാവേദി ജനറൽ കൺവീനർ ജെസ്‌നി ഷമീർ, ആർട്സ് ജോയിന്റ് കൺവീനർ റാഫി എരിഞ്ഞേരി, വൈസ് പ്രസിഡന്റ്‌ ജഗദാംബരൻ, കളിക്കളം കൺവീനർ കുമാരി അനഘ രാജൻ എന്നിവർ അംഗങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ അന്തരിച്ചവർക്ക് എൽഇഡി മെഴുകുതിരി വെളിച്ചത്തിൽ, അംഗങ്ങളെല്ലാവരും ചേർന്നുകൊണ്ട് സ്മരണാഞ്ജലി നടത്തി. അതിനുശേഷം അസോസിയേഷന്റെ ഏട്ട് ഏരിയകളിൽ നിന്നും, സ്വാതന്ത്ര്യ സമര സേനാനികളെ അനുകരിച്ചുകൊണ്ട് നടത്തിയ കുട്ടികളുടെ പ്രച്ഛന്ന വേഷങ്ങളും അംഗങ്ങളുടെ ദേശഭക്തിഗാനങ്ങളും അതോടൊപ്പം കുട്ടികൾക്കായി സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിക്കുകയും ക്വിസ് നടത്തുകയും ചെയ്തു. ക്വിസ് മത്സരത്തിലെ വിജയികൾക്കും പ്രച്ഛന്നവേഷങ്ങൾ അവതരിപ്പിച്ച കുട്ടികൾക്കും പ്രോത്സാഹന സമ്മാനമായി മെഡലുകൾ വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൻറെ ഓർമ്മകൾ പങ്കുവച്ചുകൊണ്ട് അംഗങ്ങൾക്ക് മധുരപലഹാരവും വിതരണം ചെയ്തു.

പരിപാടിയിൽ വെച്ച് സെപ്റ്റംബർ 27ന് നടത്തുവാൻ പോകുന്ന പൊന്നോണം 2K24 ന്റെ ഓണസദ്യയുടെ കൂപ്പൺ ട്രാസ്ക് പ്രസിഡന്റ്‌ ബിജു കടവി പ്രോഗ്രാം കൺവീനർ സിജു.എം.എൽ. ന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. 150ൽ പരം അംഗങ്ങൾ പങ്ക് ചേർന്ന് പരിപാടി അവിസ്മരണീയമാക്കി. തുടർന്ന് ട്രാസ്ക് ജോയിന്റ് ട്രഷററും മീഡിയ കൺവീനറും ആയ വിഷ്ണു കരിങ്ങാട്ടിൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.