കാസർകോട് പൂച്ചക്കാട് ഫാറൂഖിയ പള്ളിക്ക് സമീപം പ്രവാസി വ്യവസായി എം സി അബ്ദുൾ ഗഫൂർ ഹാജിയെ (55) കൊലപ്പെടുത്തിയ കേസിൽ മന്ത്രവാദം നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീയും ഭർത്താവും മറ്റ് രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. 596 പവൻ ആഭരണങ്ങൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകം. കൂളിക്കുന്നിലെ ഷമീമ്മ എന്ന ജിന്നുമ്മ, ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, മധൂരിലെ ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വർണം ഇരട്ടിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് അബ്ദുൾ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് പ്രതികൾ ബ്ലാക്ക് മാജിക് നടത്തിയതായി പോലീസ് കണ്ടെത്തി. പൂച്ചക്കാട് ഫറൂക്കിയ മസ്ജിദിന് സമീപമുള്ള ബൈത്തൂർ റഹ്മയിലെ എം സി അബ്ദുൾ ഗഫൂറിനെ 2023 ഏപ്രിൽ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സ്വാഭാവിക മരണമാണെന്നാണ് ഭാര്യയും മക്കളും ബന്ധുക്കളും കരുതിയത്. എന്നാൽ, പിന്നീടാണ് ഇവരുടെ വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടപ്പെട്ടതായി ബന്ധുക്കൾ അറിയുന്നത്. ഇതാണ് മരണത്തിൽ ദുരൂഹത ഉയർത്തിയത്. അബ്ദുൾ ഗഫൂറിൻ്റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.