സൗദിയില്‍ എത്തുന്നവർക്ക് കൊറോണ മുക്ത സർട്ടിഫിക്കറ്റ് നിർബന്ധം: ഉത്തരവ് എല്ലാ വിസക്കാര്‍ക്കും ബാധകം

0
28

റിയാദ്: കോവിഡ്19 കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി സൗദി. ഇതിന്റെ ഭാഗമായി രാജ്യത്തെത്തുന്നവർക്ക് കൊറോണ മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. റീ എൻട്രി ഉള്‍പ്പെടെ ഏത് വിസയിൽ രാജ്യത്തെത്തുന്നവരും ഇനി കൊറോണ മുക്തരാണെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ത്യ ഉൾപ്പെടെ കൊറോണ സ്ഥിരീകരിച്ച എല്ലാ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും നിയമം ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി കോണ്‍സുലേറ്റ് അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് യാത്രയുടെ 24 മണിക്കൂർ മുമ്പ് എടുത്ത സർട്ടിഫിക്കറ്റ് വേണം ഹാജരാക്കേണ്ടത്. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകള്‍ നൽകേണ്ട ഉത്തരവാദിത്തം അതത് വിമാനക്കമ്പനികൾക്കായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.