ഹാൻ്റവൈറസ്: രാജ്യത്ത് ആശങ്കയില്ല

0
11

കുവൈത്ത് സിറ്റി: അമേരിക്കയിൽ നാല് പേരുടെ ജീവൻ അപഹരിച്ച ഹാൻ്റവൈറസ് വ്യാപനത്തെ തുടർന്നുള്ള ഭീതി പടരുന്നതിനിടെ കുവൈത്തിൽ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദാൻ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ ആൻഡ് എപ്പിഡെമിയോളജി കൺസൾട്ടൻ്റ് ഡോ. ഗാനേം അൽ ഹുജൈലൻ വ്യക്തമാക്കി. വൈറസ് വ്യാപനത്തിൻ്റെ ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് രാജ്യം പൂർണ്ണമായും അകലെയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. എലികൾക്കിടയിൽ വ്യാപകമായി പടർന്നുപിടിച്ച അപകടകരമായ വൈറസാണ് ഹാൻ്റവൈറസ്. എലിയുടെ മൂത്രം, ഉമിനീർ, മലം തുടങ്ങിയവയുമായി സമ്പർക്കമുണ്ടായ വസ്തുക്കളിലൂടെ മാത്രമേ മനുഷ്യരിലേക്ക് ഇത് പകരൂ. ഒരാളിൽ നിന്നും മറ്റൊരാളിലേക്കും ഇത് പടരില്ല. അതിനാൽ വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരിൽ നിന്ന് ഇത് പകരില്ലെന്നും ഡോ. അൽ ഹുജൈലൻ വ്യക്തമാക്കി. ആഗോള തലത്തിൽ, വൈറസിനെതിരെ ജാഗ്രത പാലിക്കാൻ അമേരിക്കൻ ആരോഗ്യ അധികൃതർ അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു.