ഹിസ്ബുള്ള പേജർ സ്ഫോടനം: 10 പേർ മരിച്ചു, മൂവായിരത്തോളം പേർക്ക് പരിക്കേറ്റു

ബെയ്റൂത്ത്: ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലബനനിലും പേജർ സ്ഫോടന പരമ്പര. ആക്രമണത്തിൽ ഇതുവരെ പത്തുപേർ കൊല്ലപ്പെടുകയും 3000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ ചാര ഏജൻസിയായ മൊസാദാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുല്ല ആരോപിച്ചു. ആരോപണം നടത്തിയെങ്കിലും ഇത്രമേൽ ഭയാനകമായ ആക്രമണം എങ്ങനെ സംഭവിച്ചു എന്നതിന്റെ കാരണം വ്യക്തമല്ല. ഹിസ്ബുല്ലയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ ലക്ഷ്യങ്ങൾ വിപുലീകരിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പേജർ ആക്രമണം ഉണ്ടായത്. പേജര്‍ ലബനനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് മുന്‍പ് അതില്‍ സ്ഫോടകവസ്തുക്കള്‍ ഒളിച്ചുവച്ചതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. തയ്‌വാന്‍ നിര്‍മിതമാണ് ഗോള്‍ഡ്‌ അപ്പോളോ പേജറുകള്‍. പേജര്‍ ആക്രമണത്തില്‍ ഒരു പങ്കുമില്ലെന്ന് യുഎസ് പ്രതികരിച്ചിട്ടുണ്ട്. മുന്‍കൂട്ടി ഒരറിവും ആക്രമണത്തെ സംബന്ധിച്ച് ലഭിച്ചിരുന്നില്ലെന്നും യുഎസ് വ്യക്തമാക്കി. ഇസ്രയേലുമായി ഗാസയില്‍ യുദ്ധം ചെയ്യുന്ന ഹമാസും പ്രതികരിച്ചിട്ടുണ്ട്.