ഗസ്സ: ഗസ്സയിൽ ആറാം ദിവസവും ആക്രമണം തുടരുന്നു . 31 കുട്ടികൾ ഉൾപ്പെടെ 137 ഫലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായാണ് വിവരം. 900ത്തിലധികം പേർക്ക് പരിക്കേറ്റു. രാജ്യത്ത് സമാധാനാന്തരീക്ഷം ഉണ്ടാകുന്നതു വരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിൻറെ നിലപാട്. കരുയദ്ധത്തിന്റെ മുന്നോടിയെന്നോണം 9,000 സൈനികരെ ഇസ്രായേൽ അതിർത്തിയിൽ ഒരുക്കിനിർത്തിയിട്ടുണ്ട്. എന്നാൽ, ഇസ്രായേൽ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഹമാസ് അറിയിച്ചു.
ഇന്ന് വെളുപ്പിനും കനത്ത വ്യോമാക്രമണവും ഷെല്ലാക്രമണവുമാണ് ഗസ്സയിൽ നടന്നത്. വ്യോമാക്രമണത്തിൽ നിരവിധി ഫ്ലാറ്റുകളും ബഹുനില കെട്ടിടങ്ങളും തകർന്നു. ഇതോടെ നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങളാണ് അഭയാർഥികളായത്.
വെസ്റ്റ് ബാങ്കിലേക്കും സംഘർഷം വ്യാപിക്കുകയാണ്. ഇവിടെ നടന്ന ആക്രമണത്തിൽ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ലോദ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ അറബ് -ജൂത സംഘർഷം രൂക്ഷമായി. ഇസ്രായേൽ ആഭ്യന്തര കലാപത്തിന്റെ വക്കിലാണെന്നു വന്നതോടെ വിദേശ വിമാന കമ്പനികൾ പലതും സർവീസുകൾ റദ്ദാക്കി. ആക്രമണം നിർത്തി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ മേധാവി അേന്‍റാണിയോ ഗുട്ടറസ് ആഹ്വാനം ചെയ്തു. പ്രശ്ന പരിഹാരത്തിന് ഇരുപക്ഷവുമായും ചർച്ച നടക്കുകയാണെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രതികരിച്ചു