കുവൈറ്റിലെ ഇന്ത്യന്‍ എംബസി സേവനങ്ങള്‍ ഇനി വാട്ട്‌സ്ആപ്പ് വഴിയും

0
9

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്കുള്ള എംബസി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്കായി പ്രത്യേക വാട്ട്‌സ്ആപ്പ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ട് കുവൈത്തിലെ ഇന്ത്യൻ എംബസി. എംബസിയുടെ വ്യത്യസ്ത സേവനങ്ങള്‍ക്കായി 12 വാട്ട്‌സ്ആപ്പ് ഹെല്‍പ് ലൈന്‍ നമ്പറുകളാണ് അധികൃതര്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നതിനുള്ള ലാന്‍ഡ് ലൈന്‍, മൊബൈല്‍, ഇമെയില്‍ സംവിധാനങ്ങള്‍ക്ക് പുറമെയാണിത്.

എംബസി സേവനങ്ങള്‍ ആവശ്യമുള്ളവര്‍ അതുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പ് നമ്പറില്‍ മെസേജ് അയച്ചാല്‍ മതിയാവും. പൂര്‍ണമായ പേര്, അഡ്രസ്, കോണ്‍ടാക്റ്റ് നമ്പര്‍ എന്നിവ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഈ നമ്പറുകള്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുന്നതിന് വേണ്ടി മാത്രമാണുള്ളതെന്നും ഇതിലേക്ക് വിളിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

ഫോണ്‍ കോളുകള്‍ക്ക് നിലവിലെ ലാന്‍ഡ് ലൈന്‍, മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കാം. എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഒഴികെയുള്ള വാട്ട്‌സ്ആപ്പ് നമ്പറുകളില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് 4.30 മണി വരെയുള്ള പ്രവൃത്തി സമയങ്ങളില്‍ മാത്രമേ മറുപടി ലഭിക്കുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.