സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

0
18

കോവിഡ് രണ്ടാം തരംഗ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
നീണ്ട ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് തീരുമാനമായത്. വിദ്യാർത്ഥികളുടെ ആരോഗത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 12ാം ക്ലാസ്റ്റ് ഫലം മികച്ച രീതിയിൽ വസ്തു നിഷ്ഠമായി തയ്യാറാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ രാജ്നാഥ് സിംഗ്, പ്രകാശ് ജാവദേക്കർ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പന്ത്രണ്ടാം ക്ലാസിലെ ഫല നിർണ്ണയം നടത്തുന്ന മാനദണ്ഡം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. 9, 10, 11 ക്ലാസുകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പന്ത്രണ്ടാം ക്ലാസിലെ ഫലം നിശ്ചയിക്കാമെന്ന നിർദ്ദേശം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുൻപിൽ ഉണ്ട്. വിദ്യാർത്ഥികളുടെ താൽപ്പര്യം മുൻനിർത്തിയാണ് തീരുമാനം എടുത്തത്. മൂല്യനിർണയത്തിൽ പരാതിയുള്ളവർക്ക് പ്രത്യേകമായി പരീക്ഷ എഴുതുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും. ഇതു സംബന്ധിച്ച തീരുമാനങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷ നടത്തിപ്പിൽ മെയ് 21 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുനു. തുടർന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർ നിലപാട് അറിയിച്ചു. ഇത്തരത്തിൽ സംസ്ഥാന സർക്കാരുകളുടെയും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ ഉൾപ്പെടെ ഉളളവരുടെയും അഭിപ്രായം വിലയിരുത്തി കൊണ്ടാണ് പരീക്ഷ റദ്ദാക്കാനുളള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരീക്ഷ റദ്ദാക്കണമെന്ന് അവശ്യപ്പെടുന്ന ഹർജി പരിഗണിക്കുന്ന സുപീ കോടതി ബെഞ്ചിനെ സർക്കാർ തീരുമാനം അറിയിക്കും.