രണ്ടാം എൽ ഡി എഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ. ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റാണിത്. കോവിഡ് വ്യാപനം മൂലം ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത് എന്നിരിക്കെ, നികുതി വരുമാനത്തിൽ ഉണ്ടായ ഇടിവ് മറികടക്കാൻ വഴി കണ്ടെത്തുക എന്ന വെല്ലുവിളിയാണ് ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ മുന്നിലുള്ളത്
ജനുവരി 15ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൻ്റെ തുടർച്ചയാണ് നാളെ കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റ്.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ജി എസ് ടി നഷ്‌ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി. ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം. കോവിഡ് പ്രതിരോധ ചെലവുകള്‍ കുത്തനെ ഉയരുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. സാധാരണക്കാരുടെ വരുമാനം പൂര്‍ണമായും ഇല്ലാതാക്കിയ മഹാമാരിക്കിടെ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നില്ല. ആ സാഹചര്യത്തില്‍ അധിക വരുമാനത്തിനായി കേന്ദ്രത്തിനു മുമ്പില്‍ സമ്മര്‍ദ്ദം ശക്തമാക്കുക മാത്രമാണ് ധനമന്ത്രിക്ക് മുന്നിലുളള വഴി.
കോവിഡ് പ്രതിരോധത്തിനും ലോക് ഡൗൺ ആശ്വാസ നടപടികൾക്കും ബജറ്റിൽ മുൻതൂക്കമുണ്ടാകും. വാക്സിൻ വാങ്ങുന്നതിന് പണം നീക്കിവെയ്ക്കും. കടലാക്രമണത്തിൽ നിന്ന് തീരദേശത്തെ സംരക്ഷിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചേക്കും.
കടമെടുപ്പ് പരിധി ഇനിയും ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടിയാണ് കടമെടുത്തത്. ഈ മാസം ഇതുവരെ രണ്ടായിരം കോടി രൂപ സംസ്ഥാനം കടമെടുത്തിട്ടുണ്ട്.
36,800 കോടി രൂപ ഈ വര്‍ഷം കടമെടുക്കാനാണ് നീക്കം.