തിരുവനന്തപുരം:സംസ്ഥാനത്ത് 40 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15നകം ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിൽ 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനിയും ആദ്യഡോസ് വാക്‌സിന്‍ എടുക്കാനുള്ളത്.
മാനസിക വൈകല്യമുള്ളവരെ വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ ഇനിയും വാക്‌സിനേഷന്‍ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരുടെയും വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിന് ലഭിക്കും.
മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതു ജനങ്ങളുട പിന്തുണയോടെ നടപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ശ്രേണീകരണത്തിന്റെ ഫലം ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും.
വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. വ്യവസായ ശാലകള്‍ക്കും അതിനോടനുബന്ധിച്ച അസംസ്‌കൃത വസ്തുക്കളുടെ കടകള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു