കൊടകര കുഴൽപ്പണ കേസ് ബിജെപിക്ക് കൂടുതൽ കുരുക്കാകുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം. സുരേന്ദ്രന്റെ മകനും ധർമ്മരാജനുമായി ഫോണിൽ ബന്ധപ്പെട്ടതിന് തെളിവ്. തെരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തൽ. അന്വേഷണസംഘം സുരേന്ദ്രൻ്റെ മകൻ്റെയും മൊഴിയെടുക്കും.
ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ധർമ്മരാജനെ അറിയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. വരുംനാളുകളിൽ കേസ് സുരേന്ദ്രനെയും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്താൻ സാധ്യതയുണ്ട്. കേസ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന രീതിയിൽ ഒരു വിഭാഗം നേതാക്കൾ രംഗത്ത് വന്നു തുടങ്ങി.
കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർ നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. വിരുദ്ധ ചേരിയിൽ ഉള്ളവർ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാൻ ആണ് സാധ്യത. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും.