കുവൈത്ത് സിറ്റി: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ കുവൈത്തിലെത്തി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജും കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. കുവൈത്ത് സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹ മന്ത്രി അബ്ദുൾ റസാഖ് അൽ ഖലീഫയും അംബാസഡർ ജാസിം അൽ നജ്ജെമും മന്ത്രിയെ സ്വീകരിച്ചു.
കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഗാർഹിക തൊഴിൽ കരാർ ഒപ്പുവച്ചേക്കും എന്ന് സൂചനയുണ്ട്. കരാർ യാഥാർഥ്യമാവുകയാണെങ്കിൽ ഇന്ത്യയിൽ നിന്നുള്ള ഗാർഹികതൊഴിലാളിൾ കുടിയേറ്റ നിയമത്തിൻറെ പരിധിയിൽ നിന്ന് തൊഴിൽനിയമത്തിൻറെ പരിരക്ഷയിലേക്ക് മാറും തൊഴിലാളികളുടെ അവകാശ സംരക്ഷണ വിഷയത്തിൽ സുപ്രധാന നേട്ടമാകും.
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉൾപ്പെടെ ഉന്നതരുമായി രണ്ടുദിവസത്തെ സന്ദർശനത്തിനിടെ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ കൂടിക്കാഴ്ച നടത്തും. ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുടെ യോഗത്തിലും വിദേശകാര്യമന്ത്രി പങ്കെടുക്കും. നിലവിൽ കുവൈത്ത് അടക്കം നാലു ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായെങ്കിലും ഇളവുനീക്കണമെന്ന പ്രവാസികളുടെ ആവശ്യവും യോഗത്തിൽ ചർച്ചയായേക്കും.
വെള്ളിയാഴ്ച വൈകിട്ട് ആറിന് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ വിദേശകാര്യമന്ത്രി ഓൺലൈനായി അഭിസംബോധന ചെയ്യും.കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസർ മുഹമ്മദ് അൽ സബാഹിൻറെ ഇന്ത്യ സന്ദർശനവേളയിൽ ആവിഷ്കരിച്ച ഇന്ത്യ-കുവൈത്ത് സംയുക്ത കമ്മീഷൻറെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ചും മന്ത്രി ജയ്ശങ്കറിൻറെ സാന്നിധ്യത്തിൽ ചർച്ചയുണ്ടാകും