ഇന്ത്യൻ വകഭേദമായ ഡൽറ്റ കുറച്ചുകാലം ലോകത്ത് നിലനിൽക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി

0
24

കുവൈത്ത് സിറ്റി : ഇന്ത്യൻ വകഭേദം എന്നും അറിയപ്പെടുന്ന ഡെൽറ്റ വേരിയന്റ് കുറച്ചുകാലം ലോകത്ത് നിലനിൽക്കുമെന്ന് കുവൈത്തിലെ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബ പറഞ്ഞു. കുവൈത്തിൽ ലോകാരോഗ്യ സംഘടനയുടെ ഓഫീസ് ഉദ്ഘാടന വേളയിൽ കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസിൽ കൂടുതൽ ജനിതക മാറ്റങ്ങൾ സംഭവിച്ച് പുതിയ വേരിയൻ്റുകൾ തുടർന്നും വന്നേക്കാം, എന്നിരുന്നാലും ഓരോ വകഭേദങ്ങളെയും നേരിടുന്നത് നിലവിലെ ആരോഗ്യ മുൻകരുതൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കുവൈത്തിൽ ഏതാനും ഡെൽറ്റ വേരിയൻറ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതുതായി കണ്ടെത്തിയ ഇത്തരം കേസുകൾ MoH നിലവിൽ പരിശോധിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കുന്നതിനായി ഏവരും വാക്സിനുകൾ എടുക്കേണ്ടതിന്റെ ആവശ്യകത, ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കുക, കൈകൾ വൃത്തിയാക്കുക, അത്യാവശ്യങ്ങൾക്കായി മാത്രം യാത്ര ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ഏവരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.