സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം, സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാനാകും

0
13

ഡൽഹി: രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വെയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാനും ഭേദഗതിയില്‍ അനുമതി നല്‍കുന്നുണ്ട്.

1952ലെ നിയമപ്രകാരം യു പൊതുപ്രദര്‍ശനത്തിന് യോഗ്യമായത്, എ – പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്നിങ്ങനെ രണ്ട് കാറ്റഗറികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.പിന്നീട് 1982ലാണ് പുതിയ രണ്ട് കാറ്റഗറികള്‍ കൂടി ഉള്‍പ്പെടുത്തിയത്. യു/എ- പൊതുപ്രദര്‍ശനത്തിന് യോഗ്യമായതും എന്നാല്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രം കാണേണ്ടതും, എസ് – ഡോക്ടര്‍മാര്‍, ശാസ്ത്രഞ്ജര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങള്‍ എന്നീ സര്‍ട്ടിഫിക്കേഷനുകളായിരുന്നു ഇത്.

ഇപ്പോള്‍ പുതുതായി അവതരിപ്പിക്കുന്ന ഭേദഗതികള്‍ പ്രകാരം യു/എ സര്‍ട്ടിഫിക്കേഷനില്‍ മൂന്ന് പ്രായമനുസരിച്ചുള്ള കാറ്റഗറികള്‍ ഉണ്ടാകും. ഏഴ് വയസിന് മുകളില്‍, 13 വയസിന് മുകളില്‍, 16 വയസിന് മുകളില്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ കാറ്റഗറികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം യു കാറ്റഗറിയും എ കാറ്റഗറിയും നിലവിലെ രീതിയില്‍ തുടരും.