മിൽഖ സിംഗിൻ്റെ നിര്യാണത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്പോർട്സ് നെറ്റ് വർക്ക്   അനുശോചന യോഗംസംഘടിപ്പിച്ചു

0
19

കുവൈത്ത് സിറ്റി: ഇന്ത്യയുടെ അത്‌ലറ്റിക്സ് ഇതിഹാസം പത്മശ്രീ മിൽഖാ സിംഗിൻ്റെ  വിയോഗത്തോടനുബന്ധിച്ച്   ഇന്ത്യൻ സ്പോർട്സ് നെറ്റ് വർക്കിൻ്റെ ആഭിമുഖ്യത്തിൽ  അനുശോചന യോഗം സംഘടിപ്പിച്ചു . ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് മിൽഖാ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

കായിക ഇതിഹാസമെന്ന നിലയിൽ അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. മിൽക്ക സിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടാകില്ല.  ഒരു കായികതാരമെന്ന നിലയിൽ തന്റെ യൗവനകാലത്ത്  അദ്ദേഹത്തിൻറെ സ്വപ്നതുല്യമായ നേട്ടങ്ങളെക്കുറിച്ച് സ്മരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല എന്ന് സിബി ജോർജ് പറഞ്ഞു. ഗ്രാമ-നഗര വ്യത്യാസമന്യേ ഏവരും അദ്ദേഹത്തെ ആരാധിച്ചു, അദ്ദേഹത്തിൻറെ വിജയഗാഥ രാജ്യത്തിൻറെ ഓരോ ഭാഗത്തും അലയടിച്ചു.  മിൽഖയുടെ ജീവിതം ഇന്ത്യയിലെ ഓരോ തലമുറയെയും ആകർഷിച്ചതായും സിബി ജോർജ് അനുസ്മരിച്ചു.

മിൽഖാ സിംഗിൻ്റെ  ജീവിതം ആസ്പദമാക്കി നിർമ്മിച്ച ഭാഗ് മിൽക്ക ഭാഗ് എന്ന സിനിമ കാണാനായി 2013 ൽ  തൻറെ കുട്ടികൾക്കൊപ്പം  റിയാദിൽ നിന്ന് ദമ്മാമിലേക്ക്  അഞ്ഞൂറ് കിലോമീറ്റർ സഞ്ചരിച്ച അനുഭവവും അംബാസിഡർ പങ്കുവെച്ചു. ഓരോ ഇന്ത്യക്കാരുടെയും മനസ്സിൽ  ആത്മാഭിമാനം തുളുമ്പുന്ന സുവർണ്ണ താരകമായി  അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടും എന്നും അംബാസഡർ പറഞ്ഞു