കവരത്തി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദ്വീപ് പോലീസ് നോട്ടീസ് നല്‍കി. ബുധനാഴ്ച രാവിലെ 10.30ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യദ്രോഹ കേസില്‍ സംവിധായക ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍വച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. തുടർന്ന് ഐഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ലക്ഷദ്വീപ് സംഭവവികാസങ്ങളും ആയി ബന്ധപ്പെട്ട് സ്വകാര്യ വാർത്താ ചാനലിൽ ചർച്ചക്കിടയിൽ നടത്തിയ പരാമർശത്തിനെതിരെ ദ്വീപിലെ ബിജെപി അധ്യക്ഷന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ഐഷ സുല്‍ത്താനയെ അറസ്റ്റുണ്ടായാല്‍ ആള്‍ജാമ്യത്തില്‍ വിടണമെന്ന് കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ അഭിഭാഷകനെയും കൂടെ കൂട്ടുവാനും അനുമതി നല്‍കിയിരുന്നു.