കുവൈത്ത് സിറ്റി : ഇന്ത്യൻ സ്വദേശികളായ കുവൈത്ത് പ്രവാസികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഡാറ്റ ശേഖരണം ആരംഭിച്ചതായി കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. കോവിഡ് -19 വാക്സിനേഷൻ, വാക്സിൻ സർട്ടിഫിക്കറ്റു രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിരവധിി ചോദ്യങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായിി ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു റെജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്. കുവൈത്തിന് പുറത്തുള്ള കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച പ്രവാസികൾ താഴെ കാണുന്ന ലിങ്ക് വഴിയാണു റെജിസ്ട്രേഷൻ നടത്തേണ്ടത്. https://forms.gle/ZgRpFBTFV5V24Vqb8
.സാധുവായ താമസ രേഖയുള്ളവരും കുവൈത്ത് അംഗീകൃത വാക്സിന്റെ രണ്ട് ഡോസ് പൂർത്തിയാക്കിയവരുമായ പ്രവാസികൾക്കാണു ഓഗസ്ത് ഒന്നു മുതൽ കുവൈത്ത് പ്രവേശന അനുമതി നൽകിയിരിക്കുന്നത്.നിലവിൽ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്ന നാട്ടിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ വിഷയങ്ങൾ കുവൈത്ത് അധികാരികൾക്ക് മുന്നിൽ എത്തിക്കുവാനും ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുവാനും ഉദ്ദേശിച്ചു കൊണ്ടാണു റെജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരിക്കുന്നത് എന്ന് എംബസി ഇറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ എംബസി സാമൂഹിക മാധ്യങ്ങൾ വഴി അറിയിക്കുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.
വെബ്‌സൈറ്റ് (www.indembkwt.gov.in), സോഷ്യൽ മീഡിയ അക്കൗണ്ട് (ട്വിറ്റർ:@indembkwt, Facebook: @indianembassykuwait)
മേൽപ്പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് hoc.kuwait@mea.gov.in ലേക്ക് എഴുതുക.