വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ദക്ഷിണ മേഖലാ ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി

0
22

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ ഭർത്താവിൻറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ദക്ഷിണ മേഖലാ ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും ഡോക്ടറുടെ മൊഴി എടുക്കുമെന്നും ഐ.ജി. പറഞ്ഞു.‘ ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിക്കും. എല്ലാവരുടേയും മൊഴികളെടുക്കും. കൊലപാതകമായാലും ആത്മഹത്യയായാലും കാരണക്കാര്‍ക്ക് ശക്തമായ ശിക്ഷ വാങ്ങി നല്‍കും,’ അവര്‍ പറഞ്ഞു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡിലാണ്. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ  തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.