റിയാദ്: സൗദി അറേബ്യ കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കുന്നു, ആഗസ്റ്റ് ഒന്നുമുതൽ വാക്സിൻ സ്വീകരിക്കാത്ത വർക്ക് സൗദിയിൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി വരും. സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തേ തന്നെ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം
സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സാംസ്‌കാരിക-വിനോദ-കായിക പരിപാടികള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, മറ്റ് പൊതു ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് മന്ത്രാലയം വക്താവ് ലഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ ശല്‍ഹൂബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് പെരുമാറ്റച്ചട്ട ലംഘിച്ചതിന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മാത്രം 17,800 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നവര്‍ക്ക് 40,000 റിയാൽ പിഴയിടും. അതേസമയം അത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവരില്‍ നിന്ന് 50,000 റിയാല്‍ പിഴ ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.