വിസ്മയയുടെ മരണം; ഡമ്മിയുപയോഗിച്ച് മരണം പുനരാവിഷ്‌കരിച്ച് പൊലീസ്

കൊല്ലം: വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാനാകാത്ത സാഹചര്യത്തില്‍ ഡമ്മി പരിശോധനയുമായി പോലീസ്.  പ്രതി കിരണ്‍കുമാറിന്റെ വീട്ടിലെ ശുചിമുറിയില്‍ ഡമ്മി ഉപയോഗിച്ച്  മരണവും തുടർന്നുള്ള സംഭവങ്ങളും പുനരാവിഷ്‌കരിച്ചു.വിസ്മയയെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ  ശേഷം കിരണ്‍കുമാര്‍ ചെയ്തകാര്യങ്ങളും പുനരാവിഷ്‌കരിച്ചു. വഴക്കിന് ശേഷം ശുചിമുറിയില്‍ പോയ വിസ്മയയെ 20 മിനുറ്റിന് ശേഷവും കാണാത്തതിനെ തുടർന്ന് വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ വാതില്‍ ചവിട്ടിത്തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരണ്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കുറ്റാരോപിതനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ്  നീക്കം. അല്ലാത്ത പക്ഷം കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്.  കീഴടങ്ങുന്നതിന് മുമ്പ് തന്നെ കിരണിന് നിയമസഹായം ലഭിച്ചിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സാങ്കേതികമായി പരിജ്ഞാനമുള്ള കിരണ്‍ വിസ്മയയുടെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണ്ണമായും മായ്ച്ച് കളഞ്ഞെന്നും പൊലീസ് സംശയിക്കുന്നു. സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടിക്കൊണ്ടിരിക്കുകയാണ് പൊലീസ്.

ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സസ്പെന്‍ഷന്‍ അവസാനിച്ച് കിരണ്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു. അതുകൊണ്ടാണ് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസിന്റെ നീക്കം.സ്ത്രീധന പീഡനത്തെ തുടർന്ന് കഴിഞ്ഞ ജൂണ്  21നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.