കുവൈത്ത് സിറ്റി :പൊതുമേഖലയിൽ ജോലി ചെയ്യുന്നവരെ ഒരേ സമയം പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിലക്കിക്കൊണ്ടുള്ള ഉത്തരവ് ആവർത്തിച്ച് കുവൈത്തിലെ സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) . പ്രാദേശികമായും അന്തർദ്ദേശീയമായും സർവകലാശാലകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലയളവിനോടനുബന്ധിച്ചാണ് വീണ്ടുംം ഉത്തരവിറക്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കാൻ ഒരു ജീവനക്കാരന് ശമ്പളത്തോട് കൂടിയുള്ള അവധി ( സബ്ബാട്ടിക്കൽ ലീവ് ) എടുക്കാം എന്ന തീരുമാനം പ്രാബല്യത്തിലുള്ളതായി സിഎസ്സി വൃത്തങ്ങൾ വ്യക്തമാക്കിയതായി അൽ ഖബാസ് റിപ്പോർട്ട്് ചെയ്തു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനും സർവകലാശാലയിൽ ചേരാൻ ആഗ്രഹിക്കുന്ന ജീവനക്കാരുടെ സ്ഥിരത ഉറപ്പാക്കുന്നതിനുംം ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവ്.
അതേസമയം ചില പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ചില ജീവനക്കാർക്ക് ലീീവ് എടുക്കാതെ തന്നെ പഠനം തുടരാനുള്ള അനുമതിയും നൽകിയതായും വൃത്തങ്ങൾ വ്യക്തമാക്കി . ചട്ടങ്ങൾക്ക് അനുസൃതമായി പഠനം പൂർത്തിയാക്കാൻ ജീവനക്കാർക്ക് അവസരം നൽകുന്നതിന് സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പഠന അവധിക്കുള്ള പദ്ധതി സിഎസ്‌സി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറവിടങ്ങൾ സ്ഥിരീകരിച്ചു.