കൊച്ചി: മാണി സി കാപ്പന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടിയായ എൻസികെ പിരിച്ചുവിട്ടതായി മാണി സി കാപ്പൻ വ്യക്തമാക്കി.കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എൻസികെ ജൂൺ മൂന്നിന് തന്നെ പിരിച്ച് വിട്ടിരുന്നെന്ന് മാണി സി കാപ്പൻ അറിയിക്കുന്നത്.എൻസികെ എന്ന പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പാർട്ടി പിരിച്ചുവിട്ടത്. പുതിയ രണ്ട് പേരുകൾ കമ്മീഷന്‍റെ അംഗീകാരത്തിനായി സമർപ്പിച്ചതായി വാർത്താ സമ്മേളനത്തിൽ കാപ്പൻ വ്യക്തമാക്കിയിരുന്നു. ഡിസികെ (ഡെമോക്രാറ്റിക് കോൺഗ്രസ് കേരള), ഡിസിപി (ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി) എന്നിവയാണ് പാർട്ടി സമർപ്പിച്ചിരിക്കുന്ന പേരുകൾ. എൻസികെയിൽ നിന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ നേരത്തെ പുറത്ത് പോയിരുന്നു.