സ്വദേശിവല്‍ക്കരണം സൗദില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

0
24

റിയാദ്: സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി സൗദിയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ വിവിധ ജോലികളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം പ്രഖ്യാപിക്കുകയും നിശ്ചിത ശതമാനം പേര്‍ സ്വദേശികളായിരിക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കുകയും ചെയ്തതിനെ തുടര്‍ന്നാണിത്.  2020ന്റെ അവസാന പാദത്തില്‍ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ നിരക്ക് 20.37 ശതമാനമായിരുന്നത് 2021 ആദ്യ പാദമായതോടെ 22.75 ശതമാനമായി ഉയര്‍ന്നു. ഹ്യൂമണ്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്  നിലവില്‍ 1.21 ലക്ഷം സൗദികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ധനകാര്യ- ഇന്‍ഷൂറന്‍സ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ സൗദിവല്‍ക്കരണം നടന്നിരിക്കുന്നത്- 83.1 ശതമാനം. നിര്‍മാണം, വ്യാപാരം, വാഹന റിപ്പയറിംഗ് തുടങ്ങിയ മേഖലകളില്‍ 42.42 ശതമാനമാണ് സൗദി ജീവനക്കാരുടെ നിരക്ക്. സ്വകാര്യ മേഖലയിലെ സൗദികളുടെ ശരാശരി മാസ ശമ്പളം 5,957 റിയാലാണ്. പുരുഷന്‍മാര്‍ക്കാണ് താരതമ്യേന ശമ്പളം കൂടുതല്‍. പുരുഷന്‍മാര്‍ക്ക് 6,767 റിയാലും സ്ത്രീകള്‍ക്ക് 4,591 റിയാലുമാണ് നിലവില്‍ ശരാശരി ലഭിക്കുന്നത്. രാജ്യത്ത് സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 2021 ആദ്യ പാദത്തില്‍ 2.9ന്റെ വര്‍ധനവുണ്ടായി. നിലവില്‍ 184,648 സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ സൗദിയില്‍ ഉണ്ടെന്നാണ് കണക്ക്,