ക്രിമിനൽ റെക്കോർഡ് ഇല്ലാത്തയാളായിരുന്നു ഇരട്ടക്കൊലക്കേസ് പ്രതി എന്ന് അന്തിമ അന്വേഷണ റിപ്പോർട്ട്

0
41

കുവൈത്ത് സിറ്റി: കുവൈത്തിൽ  അമ്മയെയും പൊലീസ് ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംബന്ധിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് അന്തിമ റിപ്പോർട്ട് പുറത്തിറക്കി. 19 വയസ്സുകാരനായ  സിറിയൻ സ്വദേശിയായ മുഹമ്മദ് എന്ന യുവാവിന് നേരത്തെ ക്രിമിനൽ റെക്കോർഡുകൾ ഒന്നുംതന്നെയില്ല. ആദ്യഘട്ടത്തിൽ  ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന തരത്തിൽ സംശയങ്ങൾ ഉയർന്നിരുന്നുവെങ്കിലും രക്തപരിശോധനയിൽ അത് ശരിയല്ലെന്ന് തെളിഞ്ഞു.  മയക്കുമരുന്നു കടത്ത് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമൊന്നും ഇല്ലായിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞതായി ആണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം യുവാവ് തൊഴിൽരഹിതൻ ആയിരുന്നു എന്നും റിപ്പോർട്ടിൽ ഉണ്ട്.

ജൂൺ 28-)0 തീയതി രാവിലെ ആയിരുന്നു കുവൈത്തിനെ നടുക്കിയ കൊലപാതകങ്ങൾ. സ്വന്തം അമ്മയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും തുടർന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പിടികൂടുമെന്ന സാഹചര്യത്തിൽ നഗരമധ്യത്തിൽ  അയാളെയും കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും തോക്കുമായി രക്ഷപ്പെട്ട യുവാവ് ഫാമിൽ  ഒളിക്കുകയും   തന്നെ പിടികൂടാനെത്തിയ പ്രത്യേക സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ തുടർന്ന്  കൊല്ലപ്പെടുകയും ആയിരുന്നു.