കരിപ്പൂർ സ്വർണ്ണക്കടത്ത്; അർജുൻ ആയങ്കിയെ ഇന്ന് കണ്ണൂരിൽ എത്തിച്ച് തെളിവെടുക്കും

0
12

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന  അർജുൻ ആയങ്കിയെ ഇന്ന് കണ്ണൂരിലുള്ള വീട്ടിലടക്കം എത്തിച്ചു തെളിവെടുത്തേക്കും. അർജുൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെടുക്കുകയാണ് കസ്റ്റംസിന്‍റെ പ്രധാന ലക്ഷ്യം. ജൂലൈ 6 വരെയാണ് ആയങ്കിയെ ചോദ്യം ചെയ്യലിന്നായി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്.  കരിപ്പൂർ വഴിയുള്ള സ്വർണ കള്ളകടത്തിനായി അർജുൻ ആയങ്കിക്ക് കീഴിൽ യുവാക്കളുടെ വൻ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് നിഗമനം. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചു പോകുന്നതിനിടെ മൊബൈൽ ഫോൺ പുഴയിൽ നഷ്ടപ്പെട്ടു എന്നാണ് അർജുൻ ആയങ്കിയുടെ മൊഴി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല .

സ്വർണം കൊണ്ടുവന്ന മുഹമ്മദ്‌ ഷെഫീഖും അർജുൻ ആയങ്കിയും തമ്മിലുള്ള ഫോൺ വിളികളും വാട്സ്ആപ് സന്ദേശങ്ങളും ഈ ഫോണിലാണ് ഉള്ളത്. സ്വർണം കടത്തികൊണ്ടു വരുന്നതിന് മുൻപ് നിരവധി തവണ ഇവർ തമ്മിൽ സംസാരിച്ചിരുന്നതായി കസ്റ്റംസിന് തെളിവ് ലഭിക്കുകയും ചെയ്തിരുന്നു. പിടിയിലായെന്ന് ഷെഫീഖ് ആദ്യം അറിയിച്ചതും അർജുൻ ആയങ്കിയെ ആണ്. ഷെഫീഖിന്‍റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്. ഷെഫീഖിന്‍റെ മൊഴിയിൽ പറയുന്ന സലിം,ജലീൽ, മുഹമ്മദ്‌  എന്നിവരെ കേരളത്തിൽ എത്തിക്കാനും കസ്റ്റംസ് ശ്രമം തുടങ്ങി. ഇവർക്ക് അർജുനുമായുള്ള ബന്ധം കസ്റ്റംസ് പരിശോധിക്കുകയാണ്.