ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറ് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. കേസിൽ അയല്‍വാസിയായ യുവാവ് അര്‍ജുന്‍ (21) നെ പിടികൂടി. കളിക്കുന്നതിനിടെ കുട്ടി കഴുത്തിലെ ഷാള്‍ കുരുങ്ങി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. കുട്ടിയുടെ മാതാപിതാക്കള്‍ എസ്റ്റേറ്റ് തൊഴിലാളികളാണ്, ഇവർ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. സഹോദരന്‍ കവിന്‍ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. ഇതാണ് കേസിൽ നിർണായകമായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നിയ നാലുപേരെ കസ്റ്റഡിയിലെടുത്തു. മൂന്നുപേരെ വിട്ടയച്ചെങ്കിലും അയല്‍വാസിയായ അര്‍ജുനെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടിയെ അർജുൻ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. പ്രതി നിരവധി തവണ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ജൂൺ 30നാണ് ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.