ജിദ്ദ: ഹജ്ജ് ഉംറ മന്ത്രാലയം നല്‍കുന്ന ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി . ആദ്യ തവണ പിടിക്കപ്പെട്ടാല്‍ 10,000 റിയാലും പിന്നീട് വീണ്ടും ആവര്‍ത്തിച്ചാല്‍ ഇരട്ടി തുകയും പിഴ ചുമത്തും എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണം ഇന്ന് മുതല് നിലവില്‍ വന്നതായും, ഹജ്ജ് തീര്‍ഥാടനം കഴിയുന്നതു വരെയാണ് നിയന്ത്രണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. നേരത്തേ രജിസ്റ്റര്‍ ചെയ്ത ശേഷം ഹജ്ജിനായി തെരഞ്ഞെടുക്കപ്പെടുകയും പാക്കേജ് ഫീസ് അടച്ച് പെര്‍മിറ്റ് കരസ്ഥമാക്കുകയും ചെയ്തവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. മക്കയിലെ മസ്ജിദുല്‍ ഹറാമിനും അതിന്റെ പരിസര പ്രദേശങ്ങള്‍ക്കും പുറമെ, ഹജ്ജ് തീര്‍ഥാടനത്തിന്റെ വിവിധ കര്‍മങ്ങള്‍ നടക്കുന്ന മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്കും അനധികൃതമായി പ്രവേശിച്ച് പിടിക്കപ്പെട്ടാല്‍ പിഴ നല്‍കേണ്ടിവരും ഈ രീതിയില്‍ നിയമവിരുദ്ധമായി ആളുകളെ മക്കയില്‍ എത്തിക്കുന്നവര്‍ക്കും അതിന് സഹായം നല്‍കുന്നവര്‍ക്കും ശിക്ഷ ബാധകമായിരിക്കും. അതേസമയം, അനുമതിയോട് കൂടി എത്തുന്ന തീര്‍ഥാടകര്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. അല്ലാത്ത പക്ഷം രാജ്യത്തെ കൊവിഡ് പ്രതിരോധ നിയമ ലംഘന പ്രകാരം ലഭിക്കാവുന്ന പിഴയും നടപടികളും നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.