കുവൈത്ത് സിറ്റി: അഭിപ്രായപകടനങ്ങൾ നടത്തുന്നതിൻ്റെ പേരിൽ പ്രവാസികളെ നാടുകടത്തുമെന്ന കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഉത്തരവിന് എതിരായ പ്രതിഷേധം നിലനിൽക്കുന്നതിനിടെ, പ്രതിരോധ വാക്സിനേഷനെതിരെ പ്രതിഷേധിച്ച പ്രവാസിയെ നാടുകടത്തി. നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പ് നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധിച്ച ജോർദാൻകാരനായ അബ്ദുല്ല മുഹമ്മദ് ജെബാരയെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
പ്രവാസിയെ നാടുകടത്തിയത് രാജ്യത്തിൻ്റെ പൊതുതാൽപര്യം സംരക്ഷിക്കുന്നതിനായാണെന്നും , അധികാരികൾ പുറപ്പെടുവിക്കുന്ന ഉത്തരവനുസരിച്ച് പൊതു സുരക്ഷയ്ക്കും ധാർമ്മികതയ്ക്കും ഹാനികരമായ ഏതൊരു പ്രവാസിയെയും നാടുകടത്തുതുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു .
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഞായറാഴ്ച രാവിലെ ജെബാരയെ നാടുകടത്തൽ വകുപ്പിന് കൈമാറി. അവിടെയെത്തിയ അദ്ദേഹത്തെ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ജോർദാൻ തലസ്ഥാനമായ അമ്മാനിലേക്ക് അയക്കുകയായിരുന്നു.